ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയടക്കമുള്ള നേതാക്കള്‍ രാജിവെച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് യുവാവിന്റെ ആത്മഹത്യാ ഭീഷണി. മുഖ്യമന്ത്രിക്കു പുറമെ ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ബിജെപി സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് തമിളിസൈ സൗന്ദരരാജന്‍ എന്നിവരുടെയും രാജി ആവശ്യപ്പെട്ടിരുന്നു. ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റിന് സമീപമുള്ള മൊബൈല്‍ ടവറിനു മുകളില്‍ കയറിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ആത്മഹത്യാ ശ്രമം തടയുന്നതിനായി ജോയിന്റ് കമ്മീഷണര്‍ അന്‍പ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് അഗ്നി സുരക്ഷാ സേനാ ഉദ്യോഗസ്ഥരെത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ താഴെയിറക്കിയത്. തുടര്‍ന്ന് ഇയാളെ വരിഞ്ഞുകെട്ടിയാണ് പൊലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്.

ആര്‍ രവി ചന്ദ്രന്‍ എന്നയാളാണ് ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ തുടര്‍ച്ചയായി പ്രതിഷേധിക്കാറുള്ളയാളാണ് ഇദ്ദേഹം. നേതാക്കളുടെ രാജിക്കു പുറമെ പഞ്ചസാരയുടെ വില കുറക്കുക, ടാസ്മാക് ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാനനുവദിക്കാതിരിക്കുക, ഉപ തെരഞ്ഞെടുപ്പുകള്‍ ഉടന്‍ നടത്തുക എന്നീ ആവശ്യങ്ങളും ആത്മഹത്യാ ഭീഷണിയില്‍ ഉന്നയിച്ചിരുന്നു.