കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നടി മഞ്ജുവാര്യര്‍. ന്യൂയോര്‍ക്കില്‍ നടന്ന പുരസ്‌കാരദാനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു.

‘മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനായിരുന്നു മഞ്ജു അമേരിക്കയിലെത്തിയത്. പുരസ്‌കാരം സ്വീകരിച്ചതിനുശേഷം മഞ്ജുവാര്യര്‍ വളരെ വികാര നിര്‍ഭരമായാണ് സംസാരിച്ചത്. ഇവിടെയെത്താന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല. അതിന് കഠിനാദ്ധ്വാനം തന്നെ വേണ്ടി വന്നു. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുവരുന്നത്. പ്രിയ സുഹൃത്തുക്കളായ മാര്‍ട്ടിനും ജോജുവും ഒപ്പം നിന്നതാണ് പ്രതീക്ഷക്ക് വകവെച്ചത്. അവര്‍ക്ക് നന്ദി പറയുകയാണ്’ മഞ്ജുവാര്യര്‍ പറഞ്ഞു. ആമിയുടെ ചിത്രീകരണത്തിനിടയില്‍ നിന്നാണ് വരുന്നത്. അതിന് അനുവദിച്ച സംവിധായകനും നിര്‍മ്മാതാവിനും നന്ദി പറയുകയാണെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

നേരത്തെ മഞ്ജുവിന്റെ അമേരിക്കന്‍ യാത്ര റദ്ദാക്കിയെന്ന് പ്രചാരണമുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വിദേശയാത്ര പോലീസ് വിലക്കിയിട്ടുണ്ടെന്നായിരുന്നു വാര്‍ത്തവന്നത്. എന്നാല്‍ മഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ അമേരിക്കന്‍യാത്ര റദ്ദാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായകമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ് മഞ്ജുവാര്യറുടെ തുറന്നുപറച്ചില്‍. കേസില്‍ ദിലീപിന് ഹൈക്കോടതിയും ജാമ്യം അനുവദിക്കാത്ത സാഹചര്യമാണ്. കാവ്യമാധവനെ ഇന്നലെ ചോദ്യം ചെയ്തിരുന്നുവെങ്കിലും മൊഴിയിലെ അവ്യക്തതയെ തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.