ശ്രീനഗര്‍: മാവോവാദി വേട്ടക്കിടെ പിടിയിലായെന്ന് സംശയിക്കുന്ന സി.ആര്‍.പി.എഫ് ജവാന്‍ രാകേശ്വര്‍ സിങ് മന്‍ഹാസിന്റെ അഞ്ചു വയസ്സുകാരി മകള്‍ ശ്രഗ്‌വിക്ക് ദിവസങ്ങളായി കണ്ണീര്‍ വറ്റിയിട്ടില്ല. ഏറെ സ്‌നേഹിക്കുന്ന വത്സലനായ പിതാവ് ആരുടെ പിടിയിലാണെന്ന് അറിയില്ലെങ്കിലും വീട്ടുകാര്‍ പറഞ്ഞുകേട്ടതനുസരിച്ച് അവള്‍ക്ക് ഒറ്റ ആവശ്യമേയുള്ളൂ നക്‌സല്‍ മാമാ, എന്റെ പിതാവിനെ മോചിപ്പിക്കണേ’.

സിആര്‍പിഎഫ് ബസ്തര്‍ ബറ്റാലിയനില്‍ അംഗമായ ജമ്മു സ്വദേശി കോണ്‍സ്റ്റബിള്‍ രാകേശ്വര്‍ സിങ് മന്‍ഹസിനെയാണു മാവോയിസ്റ്റുകള്‍ തടവിലാക്കിയത്. മന്‍ഹസ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന പീപ്പിള്‍സ് ലിബറേഷന്‍ ഗറില ആര്‍മി ഏരിയ കമാന്‍ഡര്‍ മധ്‌വി ഹിദ്മയുടെ ശബ്ദ സന്ദേശം സുരക്ഷാ സേനയ്ക്കു ലഭിച്ചു.

ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ്, ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് എന്നിവയിലെ 22 സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ബസ്തറിലെ ജൊനഗുഡ ഗ്രാമത്തിലെ മലനിരകളില്‍ പലയിടങ്ങളില്‍ നിന്നായി ലഭിച്ചെങ്കിലും മന്‍ഹസിനെ കണ്ടെത്താനായിരുന്നില്ല. മന്‍ഹസിനെ രക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളുടെ ഭാഗത്തു വ്യാപക ആള്‍നാശമുണ്ടായിട്ടുണ്ടെന്നും മൃതദേഹങ്ങള്‍ 4 ട്രാക്ടറുകളിലാണ് അവര്‍ കൊണ്ടുപോയതെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു.

മാവോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നു ഛത്തീസ്ഗഡിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബാഗേല്‍, സേനാ പ്രതിനിധികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം സുരക്ഷാ സ്ഥിതി വിലയിരുത്തി. വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ചു.