മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് നടി മാല്‍വി മല്‍ഹോത്രയ്‌ക്കെതിരെ സുഹൃത്തിന്റെ ആക്രമണം. നടിയെ കത്തി കൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ട് മുംബൈയിലാണ് സംഭവം. ആഡംബര കാറില്‍ വന്നിറങ്ങിയ യുവാവാണ് നടിയെ ആക്രമിച്ചത്. യോഗേഷ്‌കുമാര്‍ മഹിപാല്‍ സിങ്ങിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മാല്‍വി മല്‍ഹോത്ര ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. കോഫിഷോപ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

ഇരുവരും കഴിഞ്ഞ ഒരു വര്‍ഷമായി സുഹൃത്തുക്കളായിരുന്നു. യോഗേഷ്‌കുമാര്‍ മഹിപാല്‍ സിങ്ങ് നടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വിവാഹാഭ്യര്‍ത്ഥന നടി നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പിന്നാലെ നടി സൗഹൃദവും അവസാനിപ്പിച്ചിരുന്നു.

സംഭവ ദിവസമായ ഇന്നലെ ഓഡി കാറിലാണ് യുവാവ് വന്നത്. സൗഹൃദം ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്നായിരുന്നു പ്രകോപനമെന്ന് പൊലീസ് പറയുന്നു