X

11, 12 തീയതികളില്‍ സംസ്ഥാന വ്യാപകമായി മഴക്കാലപൂര്‍വ്വ ശുചീകരണം

തിരുവനന്തപുരം: മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള പരിപാടിക്ക് രൂപരേഖയായി. ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി മെയ് 11, 12 തീയതികളില്‍ സംസ്ഥാന വ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.
മെയ് 3, 4 തീയതികളില്‍ ജില്ലകളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകനയോഗങ്ങള്‍ ചേരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരും മറ്റു ജനപ്രതിനിധികളും ഈ യോഗത്തില്‍ പങ്കെടുക്കും.

മഴക്കാലത്തിനു മുന്നോടിയായി കുളങ്ങളും നദികളും തോടുകളും വൃത്തിയാക്കി ഒഴുക്കു സുഗമമാക്കുന്നതിനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിക്കണം. മാലിന്യ സംസ്‌കരണത്തിന് ജനവാസമില്ലാത്ത സ്ഥലം കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍മാരെയും ചുമതലപ്പെടുത്തി. ജില്ലാതലത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും ചുമതല നല്‍കി.
തിരുവനന്തപുരം-കടകംപള്ളി സുരേന്ദ്രന്‍, കൊല്ലം-ജെ. മേഴ്‌സിക്കുട്ടിയമ്മ, പത്തനംതിട്ട-കെ. രാജു, ആലപ്പുഴ-ഡോ. ടി. എം. തോമസ് ഐസക്, ജി. സുധാകരന്‍, പി. തിലോത്തമന്‍, കോട്ടയം-പി. തിലോത്തമന്‍, ഇടുക്കി-എം.എം. മണി, എറണാകുളം-സി. രവീന്ദ്രനാഥ്, തൃശ്ശൂര്‍-എ.സി. മൊയ്തീന്‍, വി.എസ് സുനില്‍കുമാര്‍, പാലക്കാട്-എ.കെ. ബാലന്‍, മലപ്പുറം-കെ.ടി ജലീല്‍, കോഴിക്കോട്-ടി.പി. രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, വയനാട്-രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍-കെ.കെ ശൈലജ ടീച്ചര്‍, കാസര്‍കോഡ്-ഇ. ചന്ദ്രശേഖരന്‍.

chandrika: