X

മേളമാവാം, ഉറക്കം കെടുത്തരുത്

കമാല്‍ വരദൂര്‍

നമ്മുടെ ആഘോഷം ബഹള മയമാണല്ലോ… ശബ്ദത്തിലുള്ള ജഗപൊഗ.. അതാണ് ആഘോഷം. വെറുതെ കുറെ കൊടി പിടിച്ച് ചിരിച്ച് നടന്നിട്ട് കാര്യമില്ല. കൊടിക്കൊപ്പം രണ്ട് മുദ്രാവാക്യങ്ങളില്ലെങ്കില്‍ എന്ത് ആഘോഷം… അറബികള്‍ നല്ല കാഴ്ച്ചക്കാരാണ്. സുന്ദരമായി, ഹുക്കയും വലിച്ച് കാഴ്ച്ചകളെ ആസ്വദിക്കും.

അവരുടെ പ്രധാന ആഘോഷമെന്നത് നമ്മളെ പോലെ ബഹളമല്ല പകരം വേഗതയാണ്. സ്വന്തം കാറുകളില്‍ ഹോണ്‍ മുഴക്കി അതിവേഗതയില്‍ അവരങ്ങ് കുതിക്കും. വാഹനങ്ങളെ ദേശീയ പതാക അണിയിച്ച്, അതില്‍ ദേശീയ നിറത്തിലുള്ള പ്രയാണം. കാറിന് മുകളില്‍ കയറി നിന്നുള്ള സാഹസത്തിനും മടിയില്ല. പക്ഷേ നമ്മള്‍ മല്ലൂസിനെ കണ്ടിട്ടാണോ എന്നറിയില്ല ഖത്തരികളുമിപ്പോള്‍ ബഹളത്തിന്റെ ആശാന്മാരായിരിക്കുന്നത് പോലെ… ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ശബ്ദ ബഹളമാണിപ്പോള്‍ ഇവിടെങ്ങും. അതിന് നേതൃത്വം നല്‍കുന്നതില്‍ മുമ്പന്മാര്‍ മല്ലൂസ് തന്നെ. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കോര്‍ണിഷില്‍ ബ്രസീല്‍, അര്‍ജന്റീന ഫാന്‍സിന്റെ പ്രകടനങ്ങള്‍. ഒരു ദിവസം കഴിഞ്ഞ് ഖത്തര്‍ ദേശീയ ടീമിനായുള്ള പ്രകടനം. ഇന്നലെ അല്‍ബിദ പാര്‍ക്കില്‍ ആയിരങ്ങളാണ് ആഘോഷത്തില്‍ പങ്കെടുത്തത്.

ഇന്ന് കോര്‍ണിഷില്‍ ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യ പരേഡുണ്ട്. ബഹളം അതിന്റെ മൂര്‍ധന്യതയില്‍ വരുമ്പോള്‍ താരങ്ങള്‍ക്ക് ഉറക്കം കിട്ടുമോ എന്ന പേടി പോലും പരിശീലകര്‍ക്കുണ്ട്. ഇന്നലെ പുലര്‍ച്ചെ അര്‍ജന്റീനിയന്‍ ടീം അബുദാബിയില്‍ നിന്നും ദോഹയിലെത്തിയപ്പോള്‍ വിമാനത്താവളത്തിന് പുറത്ത് വലിയ ബാന്‍ഡ് മേളമായിരുന്നു. ഖത്തര്‍ യുനിവേഴ്‌സിറ്റിയിലാണ് ടീമിന്റെ ബേസ് ക്യാമ്പ്. അതിന് പുറത്തും ആരാധക മേളമായിരുന്നു. മേളങ്ങള്‍ താരങ്ങള്‍ക്ക് ഇഷ്ടമാണ്. പക്ഷേ ഉറക്കം നഷ്ടപ്പെടുത്തരുതെന്നാണ് പരിശീലകരുടെ അഭ്യര്‍ത്ഥന. ഹോട്ടലിനും ബേസ് ക്യാമ്പിന് പുറത്തുമെല്ലാം പകല്‍ നിങ്ങള്‍ കൊട്ടുക രാത്രി ഞങ്ങള്‍ ഉറങ്ങട്ടെയെന്ന് പറയാതെ പറയുന്നു പരിശീലകര്‍.

വിവിധ രാജ്യക്കാരുടെ വരവിലും രസമുണ്ട്. കാഴ്ച്ചകളെ സെല്‍ഫിയിലാക്കുന്നു ചിലര്‍. സ്വന്തം ടീമിന്റെ ജഴ്‌സിയും ചിത്രങ്ങളും വിലക്ക് വാങ്ങുന്നു മറ്റ് ചിലര്‍. ആഘോഷമെന്നത് ദേശീയ ജഴ്‌സിയില്‍ ടീമിനൊപ്പം നില്‍ക്കുകയാണെന്ന് മനസിലാക്കുന്ന ലാറ്റിനമേരിക്കക്കാര്‍ പക്ഷേ തങ്ങളുടെ രാജ്യത്തിന് ഇവിടെ ലഭിക്കുന്ന വലിയ പിന്തുണയില്‍ ഹാപ്പിയാണ്. ബ്രസീലും അര്‍ജന്റീനയും തന്നെ ഇവിടെ കൊടി തോരണങ്ങളില്‍. ഏറ്റവുമധികം വില്‍ക്കപ്പെടുന്നതും അവരുടെ ജഴ്‌സികള്‍ തന്നെ. അവസാന ഒരുക്കങ്ങളിലും കാണാം ഈ സ്വാധീനം. ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് റോഡുകളെ വര്‍ണ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ബാനറുകളില്‍ ആകാശ നീലയും മഞ്ഞയുമാണ് കൂടുതല്‍. ഖത്തറിന്റെ മെറൂണും ധാരാളമുണ്ട്. ഖത്തര്‍ മെട്രോയിലും കളികമ്പക്കാര്‍ തന്നെ.

അഞ്ച് സ്‌റ്റേഡിയങ്ങളിലേക്കാണ് മെട്രോ സര്‍വീസ്. ബാക്കി മൂന്ന് സ്‌റ്റേഡിയങ്ങളിലേക്ക് ബസുകളുണ്ട്. ടാക്‌സി കമ്പനിക്കാരായ കര്‍വയുടെ 3000 കാറുകള്‍ നിലവില്‍ നിരത്തിലുണ്ട്. ഇതിന് പുറമെ 11,500 കാറുകള്‍ ഹുബര്‍ സര്‍വീസായും 3,500 കാറുകള്‍ കാരിം സര്‍വീസുകളുമായും ലഭ്യമാണ്. എച്ച്.ഐ.എ, ദോഹ വിമാനത്താവളം, ആഷ്ഗല്‍ ടവര്‍, അല്‍ബിദ മെട്രോ സ്‌റ്റേഷന്‍, ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്, സുക് വാഖഫ്, ഖത്തര്‍ മ്യൂസിയം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ടാക്‌സികള്‍. ഉദ്ദേശം 1.2 ദലക്ഷം സഞ്ചാരികളെയാണ് വരും നാളുകളില്‍ ഖത്തര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ റെക്കോര്‍ഡ് യാത്രക്കാരാണ്. കഴിഞ്ഞ നവംബര്‍ ആദ്യത്തില്‍ നിന്നും വ്യത്യസ്തമായി കണക്കുകള്‍ പ്രകാരം ഈ നവംബര്‍ തുടങ്ങുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 74 ശതമാനമാണ് വര്‍ധന. രണ്ട് നാളാണ് ഇനി ബാക്കി. ബഹളം അതിന്റെ ഉന്നതിയിലേക്ക് വരുമെന്നുറപ്പ്.

web desk 3: