മെല്‍ബണ്‍: എം.സി.ജിയില്‍ ആഷസ് നടപ്പു പരമ്പരയിലെ കന്നിവിജയം പ്രതീക്ഷിച്ചിറങ്ങിയ ഇംഗ്ലണ്ടിന് സമനിലക്കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. അഞ്ചാം ദിനം ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് സെഞ്ച്വറിയുമായി അപരാജിതമായി ക്രീസില്‍ നിലകൊണ്ടപ്പോള്‍ ഇംഗ്ലീഷ് ബൗളര്‍മാരായ സ്റ്റുവേര്‍ഡ് ബ്രോഡും ജെയിംസ് ആന്‍ഡേഴ്‌സണും നയിച്ച പേസ് നിരക്ക് ആതിഥേയര്‍ക്കെതിരെ കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. ഇതോടെ ഓസീസ് രണ്ടാം ഇന്നിങ് സ്‌കോര്‍ 263 നില്‍ക്കെ ഇരുക്യാപ്റ്റന്‍മാരും മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കോര്‍; ഓസ്‌ട്രേലിയ; 263/4 ഡിക്ല.(സ്മിത്ത് 102*, ഡേവിഡ് വാര്‍ണര്‍ 86) & 327, ഇംഗ്ലണ്ട്; 491 (അലസ്റ്റിര്‍ കുക്ക് 244). ആദ്യ മൂന്നു ടെസ്റ്റുകളും വിജയിച്ച ഓസ്‌ട്രേലിയ ആഷസ് പരമ്പര നേരത്തെ സ്വന്തമാക്കിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റിന് വ്യാഴായ്ച സിഡ്‌നിയില്‍ തുടക്കമാവും

ഇംഗ്ലണ്ട് മുന്‍നായകന്‍ അലസ്റ്റില്‍ കുക്കിന്റെ ഇരട്ട സെഞ്ച്വറി മികവില്‍ 164 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഓസീസിനായി നായകന്‍ സ്മിത്ത് ഒരിക്കല്‍കൂടി രക്ഷക കുപ്പായം അണിയുന്ന കാഴ്ചയാണ് മെല്‍ബണില്‍ കണ്ടത്. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന്റെ രണ്ടു വിക്കറ്റുകള്‍ മാത്രം പിഴുതെടുക്കാനെ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞുള്ളു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ഓപണര്‍ ഡേവിഡ് വാര്‍ണര്‍ (86 റണ്‍സ്), ഷോണ്‍ മാര്‍ഷ് (നാല് ) എന്നിവരെയാണ് അഞ്ചാം ദിനം പുറത്തായവര്‍. സന്ദര്‍ശകര്‍ക്കായി ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, വോക്ക്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തംമാക്കി,

കൃത്യമായ ലൈനിലും ലെങ്തിലും ഇംഗ്ലീഷ് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ അക്ഷമ കാണിക്കാതെ നായകന്റെ ഉത്തരവാദിത്വം ഭംഗിയോടെ നിര്‍വ്വഹിച്ച സ്മിത്ത് പരമ്പരയിലെ മൂന്നാം സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. 259 പന്തില്‍ വെറും ആറു ഫോറിന്റെ സഹായത്തോടെയാണ് സ്മിത്ത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ബൗളര്‍മാരെ വേണ്ടത്ര ബഹുമാനിച്ച താരം ബൗണ്ടറിക്കു പകരം റണ്‍ ഓടിയെടുക്കുന്നതിലായിരുന്നു ശ്രദ്ധചെലുത്തിയത്. 60 ടെസ്റ്റില്‍ നിന്നായി 110 ഇന്നിങ്‌സുകളില്‍ ഓസീസിനായി പാഡണിഞ്ഞ സ്മിത്ത് കരിയറിലെ 23 മൂന്നാം സെഞ്ച്വറിയാണ് മെല്‍ബണില്‍ നേടിയത്. ഇതോടെ വേഗത്തില്‍ ഇത്രയും ശതകം പൂര്‍ത്തിയാകുന്ന മൂന്നാമത്തെ താരമായിമാറാനും അദ്ദേഹത്തിനായി. ക്രിക്കറ്റ് ഇതിഹാസങ്ങളായ ബ്രാഡ്മാനും (59 ഇന്നിങ്‌സ് ) സുനില്‍ ഗവാസ്‌കര്‍ (109) എന്നിവരാണ് സ്മിത്തിനു മുന്നിലുള്ളവര്‍.

നാലാം ദിനത്തിലെ മഴയും മത്സരം ഇംഗ്ലണ്ടിന്റെ കൈയ്യില്‍ നിന്നും വഴുതിവിഴാന്‍ ഒരു പരിധിവരെ കാരണമായി. മഴം മൂലം പകുതിയിലേറെ സമയം നാലാം ദിനം കളി നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. അതേസമയം ഇംഗ്ലണ്ട് ബൗളര്‍ ആന്‍ഡേഴ്‌സണ്‍ പന്തില്‍ ക്രിത്രിമം കാണിച്ചുവെന്ന ആരോപണവും ഇംഗ്ലണ്ട് തള്ളി. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് പുറത്താകാതെ നിന്ന കുക്കാണ് കളിയിലെ താരം. 409 പന്തില്‍ 244 റണ്‍സ് നേടിയ കുക്ക് കരിയറിലെ അഞ്ചാം ഡബിള്‍ സെഞ്ച്വറിയാണ് എം.സി.ജിയില്‍ നേടിയത്.