X

ജി.എസ്.ടിയിലും നോട്ടു നിരോധനത്തിലും ജീവിതം തകര്‍ന്നു;വ്യാപാരി വിഷംകഴിച്ച് ബി.ജെ.പി ഓഫീസിനുള്ളിലേക്ക് പാഞ്ഞുകയറി

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വ്യാപാരി വിഷം കഴിച്ച ശേഷം ബി.ജെ.പി ഓഫീസിലേക്ക് പാഞ്ഞുകയറി. നോട്ടു നിരോധനവും ജി.എസ്.ടിയും കാരണം വ്യാപാരം തകര്‍ന്നെന്നും ജീവിതം ദുസ്സഹമായെന്നും ആരോപിച്ചായിരുന്നു സംഭവം. ഉത്തരാഖണ്ഡിലെ ഹദ്വാനി സ്വദേശിയായ പാണ്ഡെ എന്നയാളാണ് ബി.ജെ.പി ഓഫീസിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ ഇയാളെ പൊലീസ് ഇടപെട്ട് ആസ്പത്രിയിലേക്ക് മാറ്റി.

ത്രിവേന്ദ്ര റാവത്തിന്റെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് സര്‍ക്കാറും കേന്ദ്ര സര്‍ക്കാറുമാണ് തന്റെ ദുരവസ്ഥക്ക് ഉത്തരവാദിയെന്ന് ഇയാള്‍ ആരോപിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവും സംസ്ഥാന മന്ത്രിയുമായ സുബോധ് ഉണിയാല്‍ ബി.ജെ.പി ഓഫീസില്‍ ജനങ്ങളുടെ പരാതി കേള്‍ക്കുന്നതിനായി ജനതാ ദര്‍ബാര്‍ നടത്തുന്നതിനിടെയായിരുന്നു സംഭവം. സര്‍ക്കാറാണ് എന്നെ കടക്കെണിയിലാക്കിയത്. ജി.എസ്.ടിയും നോട്ടു നിരോധനവും തന്റെ ജീവിതം തകര്‍ത്തു- ഇയാള്‍ വിളിച്ചു പറഞ്ഞു.

കഴിഞ്ഞ അഞ്ചു മാസമായി തന്റെ സാഹചര്യം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു വരികയാണെന്നും എന്നാല്‍ പരാതി ചെവിക്കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ലെന്നും പാണ്ഡെ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞു. ഡൂണ്‍ ആസ്പത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച പാണ്ഡെയുടെ ആരോഗ്യനില ഗുതുരമായി തുടരുകയാണെന്നും അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും ആസ്പത്രി സൂപ്രണ്ട് കെ.കെ താംത പറഞ്ഞു. അതേസമയം പാണ്ഡെയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ജനതാ ദര്‍ബാര്‍ നടത്തിയിരുന്ന മന്ത്രി ഉണിയാലിന്റെ പ്രതികരണം.

chandrika: