X

റഷ്യയില്‍ മെസ്സിയേയും ക്രിസ്റ്റ്യാനോയേയും കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്

റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ മുത്തമിട്ടാല്‍ സൂപ്പര്‍താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും ലയണല്‍ മെസ്സിയേയും കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്. അഞ്ചു വട്ടം ലോകഫുട്‌ബോളര്‍ പട്ടം ചൂടിയ ഇരുവരുടേയും അവസാന ലോകകപ്പായാണ് റഷ്യയെ പലരും കാണപ്പെടുന്നത്. സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍ക്ക് റഷ്യയില്‍ കിരീടം ചൂടാനായാല്‍ ലോകകപ്പ്, ചാമ്പ്യന്‍സ് ലീഗ്, ബാലണ്‍ ഡി ഓര്‍ തുടങ്ങിയ നേട്ടങ്ങള്‍ കൈവരിക്കുന്ന ഒമ്പതാമത്തെ താരമാകാനാകും.

ഒരു ഫുട്‌ബോള്‍ താരത്തിന്റെ കരിയറിനെ വിലയിരുത്തുന്നത് പ്രധാനമായും മൂന്നായിട്ടാണ്. ദേശീയ ടീമിനായുള്ള പ്രകടനം, ക്ലബിനായുള്ള പ്രകടനം, വ്യകത്പരിമായ പ്രകടനം എന്നിങ്ങനെയാണത്. ദേശീയ കുപ്പായത്തില്‍ നേടാവുന്നതില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് ലോകകപ്പ് വിജയം. ക്ലബ് തലത്തില്‍ ചാമ്പ്യന്‍സ് ലീഗിനെയാണ് പ്രധാന ട്രോഫിയായി പരിഗണിക്കുന്നത്. വ്യക്തിഗത പ്രകടനത്തിന് ലഭിക്കുന്ന ഏറ്റവും ഉന്നത പുരസ്‌കാരമാണ് ബാലണ്‍ ഡി ഓര്‍. ഇക്കുറി ലോകകപ്പ് നേടാനായല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവരിലൊരാള്‍ക്ക് കളിക്കാരനെന്ന നിലയില്‍ നേട്ടങ്ങളില്‍ പൂര്‍ണത കൈവരിക്കുന്ന ഈ നേട്ടം സ്വന്തമാക്കാം.

 

ഇംഗ്ലണ്ടിന്റെ സര്‍ ബോബി ചാള്‍ട്ടനാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം. 1966 സ്വന്തം മണ്ണില്‍ അരങ്ങേറിയ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാമ്പ്യന്‍മാരാക്കിയ ചാള്‍ട്ടന്‍ അതേ വര്‍ഷം ബാലണ്‍ ഡി ഓറും സ്വന്തമാക്കി. തൊട്ടടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ചാമ്പ്യന്‍സ് ലീഗും ചാള്‍ട്ടന്‍ സ്വന്തമാക്കി. 1974ല്‍ ജര്‍മനി ലോകകപ്പ് നേടിയപ്പോള്‍ ടീമിലുണ്ടായിരുന്ന ഫ്രാങ്ക് ബക്കന്‍ബോവര്‍, ഗേര്‍ഡ് മുള്ളര്‍ എന്നിവരാണ് പിന്നീട് ഈ നേട്ടം കൈവരിച്ചവര്‍. 1982ല്‍ ലോകകപ്പ് നേടിയ ഇറ്റാലിയന്‍ താരം പൗളോ റോസി, അതേവര്‍ഷം തന്നെ ബാലണ്‍ ദി ഓര്‍ നേടി. 1984-85 സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടി.

1998ല്‍ സിനദിന്‍ സിദാനിലൂടെ ഫ്രാന്‍സ് ലോകകീരിടം ചൂടിയപ്പോള്‍ അതേവര്‍ഷം തന്നെ ബാലണ്‍ ദി ഓര്‍ അദ്ദേഹം നേടി. പിന്നീട് ക്ലബ് തലത്തില്‍ ഇറ്റാലിയന്‍ ടീം യുവന്റസ് വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയതോടെ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ അദ്ദേഹത്തിനായി.

ബ്രസീലിന്റെ സുവര്‍ണ കാലഘട്ടമെന്നറിയപ്പെടുന്ന 2002 ലോകകപ്പ് ടീമിലെ മൂന്നു താരങ്ങളാണ് ഈ നേട്ടം കൈവരിച്ചത്. റിവാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, കക്ക എന്നിവരാണ്. റിവാള്‍ഡോ 1999ല്‍ ബാലണ് ദി ഓര്‍ നേടി. 2002-03സീസണില്‍ മിലാനൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടി. റൊണാള്‍ഡിഞ്ഞ്യോ 2005-06 സീസണില്‍ ബാര്‍്‌സലോണക്കൊപ്പം ചാമ്പ്യന്‍സ് ലീഗും നേടിയ റൊണാള്‍ഡീഞ്ഞോ അതേവര്‍ഷം തന്നെ ബാലണ്‍ ദി ഓറിനും അര്‍ഹനായി. തൊട്ടടുത്ത സീസണില്‍ എ.സി മിലാന്‍ താരമായ കക്ക എസി മിലാനൊപ്പം ചാമ്പ്യന്‍സ് ലീഗും ബാലണ്‍ ഡി ഓറും നേടി റൊണാള്‍ഡീഞ്ഞോയുടെ അതേ നേട്ടം കൈവരിക്കുകയായിരുന്നു.

ഫുട്‌ബോള്‍ ഇതിഹാസം മറഡോണ ലോകകപ്പും ചാമ്പ്യന്‍സ് ലീഗും നേടിയെങ്കിലും ബാലണ്‍ ഡി ഓര്‍ നേടാനായില്ല. 1995 വരെ ബാലണ്‍ ഡി ഓറിനായി പരിഗണിച്ചിരുന്നത് യുറോപ്യന്‍ താരങ്ങളെ മാത്രമായിരുന്നു. ഇതാണ് മറഡോണക്ക് ഈ നേട്ടം കൈവരിക്കാനാവഞ്ഞത്. 2002 ലോകകപ്പിലെ ഗോള്‍ ബൂട്ട് ജേതാവായ ബ്രസീലിന്റെ റൊണാള്‍ഡോ ലോകകപ്പും ബാലണ്‍ ഡി ഓറും നേടിയെങ്കിലും ക്ലബ് തലത്തില്‍ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ അദ്ദേഹത്തിനായില്ല.

 

നാലു തവണയാണ് മെസ്സിയും ക്രിസ്റ്റ്യാനോയും ചാമ്പ്യന്‍സ് ലീഗ് നേടിയത്. മെസ്സി നാലു തവണയും ബാര്‍സ കുപ്പായത്തിലാണ് ചാമ്പ്യന്‍സ് ലീഗ് നേടിയതെങ്കില്‍ ക്രിസ്റ്റ്യാനോ ഒരു തവണ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പവും മൂന്നു തവണ റയല്‍ മാഡ്രിഡിനൊപ്പവുമാണ്. ദേശീയ ടീമിനായി പോര്‍ച്ചുഗലിനൊപ്പം ക്രിസ്റ്റ്യനോ യൂറോ കപ്പ് നേടിയപ്പോള്‍ അര്‍ജന്റീനയെ കഴിഞ്ഞ ലോകകപ്പ്് ഫൈനലില്‍ എത്തിച്ചതാണ് ഉയര്‍ന്ന നേട്ടം.

chandrika: