X

യുനൈറ്റഡിനെ നേരിടാന്‍ മെസി റെഡി

ബാര്‍സിലോണ: മെസി എപ്പോഴും ഇങ്ങനെയാണ്…. വലിയ വിജയം നേടുമ്പോള്‍, വലിയ മല്‍സരത്തിന് തയ്യാറെടുക്കുമ്പോഴെല്ലാം കുടുംബത്തിനായി സമയം മാറ്റിവെക്കും. അവര്‍ക്കൊപ്പം കൂടുതല്‍ സമയം ഇടപഴകും. മാനസിക സമ്മര്‍ദ്ദം കുറക്കാനുള്ള വലിയ മരുന്ന്. കഴിഞ്ഞ ദിവസം സ്പാനിഷ് ലാലീഗാ പോരാട്ടത്തില്‍ ശക്തരായ അത്‌ലറ്റികോ മാഡ്രിഡിനെ രണ്ട് ഗോളിന് തകര്‍ത്തിരുന്നു മെസിയുടെ ടീം. ലൂയിസ് സുവാരസും മെസിയുമായിരുന്നു സ്‌ക്കോറര്‍മാര്‍. ആ വലിയ വിജയത്തിന് ശേഷം മെസി പോവുന്നത് ഇംഗ്ലണ്ടിലേക്കാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തിലെ പ്രതിയോഗികള്‍ ശക്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. അവരെ നേരിടുന്നതിന് മുമ്പായാണ് മെസി തിരക്കുകളെല്ലാം മാറ്റി കുടുംബത്തിനൊപ്പം ദീര്‍ഘസമയം ചെലവഴിച്ചത്. അതിന്റെ ചിത്രം അദ്ദേഹം തന്നെ ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തു. ഭാര്യ അന്റോനെല്ല റോക്കുസോ, മക്കളായ തിയാഗോ, സിറോ, മത്താവോ എന്നിവര്‍ക്കൊപ്പമായിരുന്നു ഫോട്ടോ. 31 കാരനായ സൂപ്പര്‍ താരം അത്‌ലറ്റികോക്കെതിരായ വിജയത്തിന് ശേഷം പുതിയ റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചിരുന്നു-ലാലീഗ ചരിത്രത്തില്‍ ഏറ്റവുമധികം വിജയങ്ങള്‍ സ്വന്തമാക്കുന്ന താരം. ബാര്‍സിലോണയിലേക്ക് കൊച്ചു പ്രായത്തിലെത്തിയ മെസി ഇതിനകം ക്ലബിനായി 677 മല്‍സരങ്ങള്‍ കളിച്ചു. ഇതില്‍ 595 ഗോളുകളും സ്‌ക്കോര്‍ ചെയ്തു.
അത്‌ലറ്റിക്കോക്കെതിരായ മല്‍സരം മെസിക്കും സംഘത്തിനും നിര്‍ണായകമായിരുന്നു. ലാലീഗില്‍ അവര്‍ രണ്ടാം സ്ഥാനക്കാരാണ്. എന്ന് മാത്രമല്ല മല്‍സരത്തില്‍ പിറകോട്ട് പോയാല്‍ അത് ചാമ്പ്യന്‍ഷിപ്പ് സാധ്യതകളെ ബാധിക്കുമെന്നും അവര്‍ക്കറിയാമായിരുന്നു. മല്‍സരം പകുതി സമയം പിന്നിടുന്നതിന് മുമ്പ് തന്നെ ഡിയാഗോ കോസ്റ്റയെ പോലെ ശക്തനായ മുന്‍നിരക്കാരനെ നഷ്ടമായിട്ടും അത്‌ലറ്റിക്കോ വലയില്‍ പന്ത് എത്തിക്കാന്‍ മെസിക്കും സംഘത്തിനുമായിരുന്നില്ല. ജാന്‍ ഒബ്‌ലാക് എന്ന ഗോള്‍ക്കീപ്പര്‍ കരുത്തനായി നിലയുറപ്പിച്ചത് കാരണം മെസിക്കോ, സുവാരസിനോ, കൂട്ടീനോക്കോ ഗോള്‍ സ്‌ക്കോര്‍ ചെയ്യാനായില്ല. അവസാനം 85-ാം മിനുട്ടിലായിരുന്നു സുവാരസിലുടെ ടീം ലീഡ് നേടിയത്. പിറകെ വിജയമുറപ്പിച്ച മെസിയുടെ ഗോളുമെത്തിയിരുന്നു. ഉദ്ദേശം 90,000 ത്തോളം ആരാധകരായിരുന്നു ഈ മല്‍സരം നേരില്‍ കാണാന്‍ നുവോ കാമ്പിലുണ്ടായിരുന്നത്. വിജയത്തിന് ശേഷം ചാമ്പ്യന്‍സ് ചാമ്പ്യന്‍സ് എന്നാര്‍ത്ത് വിളിച്ചിരുന്നു കാണികള്‍. ലാലീഗ കിരീടം ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തില്‍ ചാമ്പ്യന്‍സ് ലീഗാണ് മെസിയുടെ അടുത്ത ലക്ഷ്യം. അതിനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ടീം ഇന്ന് മാഞ്ചസ്റ്ററിലെത്തും. നാളെയാണ് കളി

web desk 1: