കോഴിക്കോട്: ഹിന്ദുവും ഹിന്ദുത്വവും രണ്ടാണെന്ന് പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍. ഹിന്ദുത്വം നിഗൂഢമായതും സമീപകാലത്ത് കേട്ടിട്ടുള്ളതുമായ രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള ഒന്നാണ്. ദുബൈ കെ.എം.സി.സി കോഴിക്കോട്ട് സംഘടിപ്പിച്ച പുതിയ ഇന്ത്യയുടെ പഴയ വര്‍ത്തമാനം സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരം പിടിക്കാന്‍ ബീഫൊക്കെയാണ് ഹിന്ദുത്വക്കാരുടെ ആയുധം. ഹിന്ദുക്കള്‍ക്ക് മാംസാഹാരം നിഷിദ്ധമാണെന്ന് ഒരിടത്തുമില്ല. ജൈനരില്‍ നിന്നാണ് ആ സ്വാധീനം വന്നത്. ബ്രാഹ്മണര്‍ പോലും മാംസാഹാരികളായിരുന്നുവെന്നതാണ് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുക. നരേന്ദ്ര മോദിക്ക് ബദല്‍ ഉയര്‍ന്നുവരുന്നതുവരെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് വലിയ മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷയില്ല. പ്രത്യാശയെക്കാള്‍ ആശങ്കയാണ് മുമ്പിലുള്ളതെന്നും എം.ജി.എസ് കൂട്ടിച്ചേര്‍ത്തു. പരസ്പരം സ്‌നേഹിക്കുന്ന നല്ല കാലം തിരിച്ചുവരേണ്ടതുണ്ടെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. ജാതിയും മതവുമല്ല നമ്മുടെ രാഷ്ട്രീയം. മതേതരത്വവും മാനവികതയുമാണ്. അത് നിലനിര്‍ത്തപ്പെടണം. അതിനായി മുന്‍പന്തിയിലുണ്ടാവും-വഹാബ് പറഞ്ഞു.

ചടങ്ങില്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കമാല്‍ വരദൂരിനെ ദുബൈ കെ.എം.സി.സി ആദരിച്ചു.

ck-5-7
കമാല്‍ വരദൂരിനുള്ള ദുബൈ കെ.എം.സി.സിയുടെ ആദരം പി.കെ കുഞ്ഞാലിക്കുട്ടി എം.പി സമര്‍പ്പിക്കുന്നു. പി.കെ അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, സി.വി.എം വാണിമേല്‍, ഒ.കെ ഇബ്രാഹിം, പി.വി മുഹമ്മദ് അരീക്കോട്, ഡോ.എം.ജി.എസ് നാരായണന്‍, കെ.പി രാമനുണ്ണി, ഡോ.സെബാസ്റ്റ്യന്‍ പോള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, അഡ്വ.പി.എസ് ശ്രീധരന്‍പിള്ള, സി.കെ സുബൈര്‍ സമീപം

മാധ്യമ പ്രവര്‍ത്തനം നടക്കുന്ന ലോകത്തെ 150 രാജ്യങ്ങളില്‍ ഇന്ത്യ 138-ാം സ്ഥാനത്താണെന്നും ഇതിനിയും താഴോട്ടു പോവുമെന്നാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ വിളിച്ചുപറയുന്നതെന്നും അഡ്വ.സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. സംഘപരിവാര്‍ മാത്രമല്ല അസഹിഷ്ണുതയുടെ വക്താക്കള്‍. മതനിരപേക്ഷത എന്നതിനെക്കാള്‍ മാനവികത എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുകയും പ്രചരിപ്പിക്കുകയുമാണ് പ്രത്യാശയിലേക്കുള്ള പോംവഴിയെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ആശങ്കയുടെ ഭീതിയുടെ അന്തരീക്ഷം രാജ്യത്ത് പടരുകയാണെന്നും ഇതിനെതിരെ വിശാലമായ തലത്തില്‍ ചെറുത്തു നില്‍പ്പുകള്‍ രൂപപ്പെടണമെന്നും സാഹിത്യകാരന്‍ കെ.പി രാമനുണ്ണി അഭിപ്രായപ്പെട്ടു. ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും അസിഹ്ഷുണതയുടെ വക്താക്കളാക്കി മാറ്റുന്നത് ഒരു തെളിവുമില്ലാതെയാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ.പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. കേരളത്തിന്റെ മതേതര പാരമ്പര്യത്തിനും സമാധാനത്തിനുമായി ബി.ജെ.പി നടത്തിയ ശ്രമങ്ങള്‍ പലരും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വെടിയുണ്ടകള്‍കൊണ്ട് മാധ്യമ പ്രവര്‍ത്തനത്തെ നിശ്ശബ്ദമാക്കാനോ ഇല്ലാതാക്കാനോ സാധ്യമല്ലെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നിയുക്ത സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ പറഞ്ഞു. സി.വി.എം വാണിമേല്‍ മോഡറേറ്ററായിരുന്നു.