തിരുവനന്തപുരം: ഡി.ജി.പി ഓഫീസിന് മുന്നിലെ സമരത്തിനെതിരെ സര്‍ക്കാരാണ് ഗൂഢാലോചന നടത്തിയതെന്ന് എസ്.യു.സി.ഐ നേതാവ് അഡ്വ.മിനി. ജാമ്യം കിട്ടി പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മിനി. ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിനെ തള്ളിയാണ് പുറത്തുവന്ന മിനി സര്‍ക്കാരിനെതിരെ തിരിഞ്ഞത്. ജിഷ്ണുവിനെ കൊലപ്പെടുത്തിയ മാനേജ്‌മെന്റിന്റെ ഗൂഢാലോചന മറച്ചുവെക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മഹിജയോട് പോലീസ് മോശമായാണ് പെരുമാറിയത്. എടീയെന്ന് ആക്രോശിച്ചിരുന്നു. പോലീസ് ജീപ്പില്‍ രാവിലെ 11മണിയോടെ കയറ്റിയ ഞങ്ങളെ വൈകുന്നേരം ആറോടെയാണ് സ്‌റ്റേഷനിലെത്തിച്ചത്. ഭക്ഷണം പോലും കഴിക്കാതെയാണ് ഞങ്ങള്‍ അത്രയും സമയം കഴിഞ്ഞതെന്നും മിനി പറഞ്ഞു. ജിഷ്ണുവിന് വേണ്ടി കുടുംബം നടത്തിയ സമരത്തില്‍ യാതൊരു വിധ ഗൂഢാലോചനയും നടത്തിയിട്ടില്ല. ഗൂഢാലോചന നടത്തിയാണ് നെഹ്‌റു കോളേജ് പ്രിന്‍സിപ്പാള്‍ കൃഷ്ണദാസും കൂട്ടാളികളും ജിഷ്ണുവിനെ കൊലപ്പെടുത്തിയത്. സര്‍ക്കാര്‍ നടപടി അപ്രതീക്ഷിതമായിരുന്നു. സാമൂഹിക പ്രവര്‍ത്തകരെ ജയിലിലടച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ജയില്‍മോചിതനായ ഷാജിര്‍ഖാനും ആവശ്യപ്പെട്ടു.

ഏഴ് ദിവസമായി ജയിലില്‍ കഴിഞ്ഞതിന് ശേഷം ഇന്നാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മിനിക്കും മറ്റ് നാല് പേര്‍ക്കും ജാമ്യം അനുവദിച്ചത്. കെ.എം ഷാജഹാന്‍, ഷാജിര്‍ ഖാന്‍, മിനി, ഹിമവല്‍ ഭദ്രാനന്ദ, ശ്രീകുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം കിട്ടിയത്.