കല്‍പ്പറ്റ: ആസ്പത്രിയില്‍ ചെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മയുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പാക്കിയതിന് ശേഷം സമരത്തെ തള്ളിപ്പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപഹാസ്യമാണെന്നും, കരാറില്‍ നിന്നും പിന്നാക്കം പോകുന്നത് വഞ്ചനയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണുവിന്റെ കുടുംബം എന്തിനാണ് സമരം ചെയ്തതെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. സമരം ചെയ്തതെന്തിനാണെന്ന് കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ വി എസിനും, എം എ ബേബിക്കും, സി പി എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്കും വരെ മനസ്സിലായി. കൂടാതെ ഭരണമുന്നണിയിലെ രണ്ടാംകക്ഷിയായ സി പി ഐക്കും മനസ്സിലായി. എന്നാല്‍ മുഖ്യമന്ത്രിക്ക് മാത്രം മനസ്സിലാവുന്നില്ല. ഇതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.