ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഭോപ്പാല്‍ രംഭാ നഗര്‍ സ്വദേശികളായ 18, 19 വയസ് പ്രായക്കാരായ മൂന്ന് യുവാക്കള്‍ പിടിയിലായതായി ഇന്‍സ്‌പെക്ടര്‍ അലോക് ശ്രീവാസ്ത അറിയിച്ചു.

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. 12കാരി പബ്ജി ഗെയിമിലൂടെയാണ് യുവാക്കളുമായി പരിചയത്തിലാവുന്നത്. കഴിഞ്ഞ മാസം മൂവരും പെണ്‍കുട്ടിയെ രംഭാ നഗറിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിനിരയാക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീട് പീഡനം തുടര്‍ന്നത്.

പരാതി ലഭിച്ചതിന് പിന്നാലെ രംഭാ നഗറില്‍ നിന്ന് ബുധനാഴ്ച രാത്രി മൂന്ന് പ്രതികളെയും പിടികൂടിയതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 16 വയസ്സിന് താഴെ പ്രായമായ കുട്ടിയ പീഡിപ്പിച്ചക് പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.