Connect with us

india

ഷിരൂരില്‍ അര്‍ജുനായുള്ള ദൗത്യം; ലോറിയിലെ തടിക്കഷണം കണ്ടുകിട്ടി

കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും തടിക്കഷണങ്ങള്‍ പൂര്‍ണ്ണമായും പുറത്തെത്തിക്കുന്നില്ലെന്നും ഈശ്വര്‍ മാല്‍പെ

Published

on

ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ലോറിയിലെ തടിക്കഷണം കണ്ടുകിട്ടി. പുഴയില്‍ ധാരാളം തടിക്കഷണങ്ങളുണ്ടെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും തടിക്കഷണങ്ങള്‍ പൂര്‍ണ്ണമായും പുറത്തെത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകമാണ്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടുന്ന സംഘം എട്ട് മണിയോടെ തിരച്ചില്‍ പുനരാരംഭിച്ചു. ഇന്ന് ഗംഗാവലിപ്പുഴ തെളിഞ്ഞിരിക്കുന്നുണ്ടെന്ന് ഈശ്വര്‍ മാല്‍പെ പ്രതികരിച്ചിരുന്നു. മണ്‍കൂനകള്‍ മാറ്റുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാല്‍പെ പറഞ്ഞു.

അര്‍ജുന്റെ ബന്ധുക്കള്‍ ഷിരൂരിലെത്തിയിട്ടുണ്ട്. ഡ്രഡ്ജര്‍ എത്തിക്കാന്‍ കഴിഞ്ഞതോടെ പ്രതീക്ഷയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നത്തെ തിരച്ചിലില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലിപ്പുഴയിലെത്തിച്ചിരുന്നു. നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയ ഭാഗത്ത് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. തിരച്ചിലില്‍ അര്‍ജുന്റെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ട്രക്കിലെ വാട്ടര്‍ടാങ്ക് ക്യാരിയര്‍ ആണ് കണ്ടെത്തിയത്.

 

india

ടെക്കി ജീവനൊടുക്കിയ സംഭവം; മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ഭാര്യക്ക് സമന്‍സ്

മരിച്ച അതുലിന്റെ സഹോദരന്‍ ബികാസ് കുമാറിന്റെ പരാതിയില്‍ വര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്

Published

on

ബെംഗളൂരു: ടെക്കി ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യ നിഖിതക്ക് പൊലീസ് സമന്‍സ് നല്‍കി. മൂന്ന് ദിവസത്തിനുള്ളില്‍ ചോദ്യംചെയ്യലിനായി ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിഖിതയെ കൂടാതെ, നിഖിതയുടെ അമ്മ, സഹോദരന്‍, അമ്മാവന്‍ എന്നിവരോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മരിച്ച അതുലിന്റെ സഹോദരന്‍ ബികാസ് കുമാറിന്റെ പരാതിയിലാണ് നടപടി. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.

അന്വേഷണ സംഘം ഉത്തര്‍പ്രദേശില്‍ എത്തിയപ്പോള്‍ നിഖിത ഉള്‍പ്പടെയുള്ളവര്‍ ഒളിവില്‍ പോയതായി ബെംഗളൂരു പൊലീസ് അറിയിച്ചിരുന്നു. 24 പേജുള്ള ആത്മഹത്യാ കുറിപ്പും ഒരു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള വീഡിയോയും പങ്കു വെച്ചായിരുന്നു യുപി സ്വദേശിയായ അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്തത്. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരം ഉപദ്രവിച്ചെന്നായിരുന്നു അതുലിന്റെ ആരോപണം. എന്നാല്‍ അതുലിന്റെ പേരില്‍ ഭാര്യ സ്ത്രീധന പീഡനവും മര്‍ദനവും ആരോപിച്ച് പരാതി നല്‍കിയിരുന്നു.

കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തന്റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയില്‍ തള്ളണമെന്നും അതുല്‍ ആവശ്യപ്പെട്ടിരുന്നു. ഭാര്യയേയും അവരുടെ കുടുംബത്തേയും മൃതദേഹത്തിനരികില്‍ പ്രവേശിപ്പിക്കരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എല്ലാവരും ചേര്‍ന്ന് തന്നെ കുടുക്കിയതാണെന്നും യുവാവ് ആരോപിച്ചിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയില്‍ എക്‌സിക്യൂട്ടിവ് എഡിറ്ററായിരുന്നു അതുല്‍ സുഭാഷ്.

Continue Reading

india

ഉച്ചഭാഷിണി നിയന്ത്രണം ലംഘിച്ചെന്ന് ആരോപിച്ച് സംഭലിലെ മസ്ജിദ് ഇമാമിന് രണ്ട് ലക്ഷം പിഴ ചുമത്തി യു.പി പൊലീസ്

കോട് ഗാര്‍വി മേഖലയിലെ അനാര്‍ വാലി മസ്ജിദിലാണ് സംഭവം

Published

on

ലഖ്‌നോ: സംഭലിലെ ശാഹി ജമാമസ്ജിദ് വര്‍ഗീയ സംഘര്‍ഷത്തില്‍ മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സംഭലിലെ തന്നെ മറ്റൊരു പള്ളിയിലെ ഇമാമിനെതിരെ നടപടിയെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. കോട് ഗാര്‍വി മേഖലയിലെ അനാര്‍ വാലി മസ്ജിദില്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചെന്ന് ആരോപിച്ച് ഇമാമിന് രണ്ട് ലക്ഷം രൂപ പിഴയിട്ടിരിക്കുകയാണ്.

പള്ളിയില്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതാണ് കേസില്‍ നടപടിയെടുക്കാന്‍ കാരണം. സംഭവത്തില്‍ 23 കാരനായ തഹ്സീബ് എന്ന ഇമാമിന് മുന്‍കരുതല്‍ നടപടിയായി രണ്ട് ലക്ഷം രൂപ പിഴ ചുമത്തുകയും ശേഷം ജാമ്യം അനുവദിക്കുകയും ചെയ്തതായി സംഭല്‍ സബ്-ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്.ഡി.എം) വന്ദന മിശ്ര പറഞ്ഞു. എസ്.ഡി.എം പാസാക്കിയ ഉത്തരവനുസരിച്ച് അടുത്ത ആറ് മാസത്തേക്ക് ഇത്തരം പ്രവൃത്തികളില്‍ നിന്ന് മാറിനില്‍ക്കാനും ഇമാമിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നവംബര്‍ 24ന് സംഭലിലെ മുഗള്‍ ഭരണകാലത്തെ ജമാ മസ്ജിദില്‍ മുന്നറിയിപ്പ് ഇല്ലാതെ സര്‍വേ നടക്കുന്നതില്‍ പ്രകോപിതരായി പ്രദേശവാസികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. കോടതി ഉത്തരവ് പ്രകാരം ആദ്യം ഒരു സര്‍വേ നടത്തിയിരുന്നു.

തുടക്കത്തില്‍ ആളുകള്‍ തടിച്ചുകൂടുകയും പിന്നീട് അക്രമം രൂക്ഷമാകുകയുമായിരുന്നു. സര്‍വേ ഉദ്യോഗസ്ഥരെ പൊലീസ് സുരക്ഷിതമായി മാറ്റി. സംഘര്‍ഷം രൂക്ഷമായതോടെയുണ്ടായ പൊലീസ് വെടിവെപ്പിലാണ് യുവാക്കള്‍ കൊല്ലപ്പെട്ടത്.

അതേസമയം, സംഭല്‍ ശാഹി മസ്ജിദ് ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളിലെ സര്‍വേ നടപടികള്‍ സുപ്രിംകോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തു. ആരാധനാലയങ്ങളില്‍ അവകാശവാദം ഉന്നയിച്ചുള്ള ഒരു ഹരജിയും അനുവദിക്കരുതെന്നും കോടതികള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി.

Continue Reading

india

‘ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, നിയമം അനുസരിക്കുന്നവനാണ് ഞാന്‍’; അല്ലു അര്‍ജുന്റെ ആദ്യ പ്രതികരണം

ഇടക്കാല ജാമ്യം ലഭിച്ച അല്ലു അര്‍ജുന്‍ ഇന്ന് രാവിലെയാണ് ജയില്‍ മോചിതനായത്

Published

on

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച കേസില്‍ ജയില്‍മോചിതനായ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് നടന്‍ അല്ലു അര്‍ജുന്‍. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറയുകയും അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ജയില്‍ മോചിതനായ അല്ലു അര്‍ജുന്‍ വീട്ടിലെത്തിയ ശേഷമായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്.

‘ആരാധകര്‍ അടക്കം തനിക്ക് പിന്തുണയുമായി എത്തിയവര്‍ക്കെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, രാജ്യത്തെ നിയമം പാലിക്കുന്ന ഒരു പൗരനാണ് ഞാന്‍. അതുകൊണ്ടുതന്നെ കേസന്വേഷണവുമായി സഹകരിക്കും. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വിഷമകരമായ സംഭവമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. ആ കുടുംബത്തിന്റെ ഒപ്പം എപ്പോഴുമുണ്ടാകും’ എന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു.

ഇടക്കാല ജാമ്യം ലഭിച്ച അല്ലു അര്‍ജുന്‍ ഇന്ന് രാവിലെയാണ് ജയില്‍ മോചിതനായത്. കേസില്‍ അറസ്റ്റിലായ നടനെ നമ്പള്ളി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ചഞ്ചല്‍ഗുഡ ജയിലിലേക്ക് മാറ്റിയത്. അല്ലുവിനെ സ്വീകരിക്കാന്‍ പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കെ ചന്ദ്രശേഖര്‍ റെഡ്ഡിയും ചഞ്ചല്‍ഗുഡ ജയില്‍ പരിസരത്ത് എത്തിയിരുന്നു. ജയിലിന് പുറത്ത് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലിന്റെ പിന്‍ഗേറ്റ് വഴിയാണ് അല്ലു പുറത്തിറങ്ങിയത്. ജയിലില്‍ നിന്നിറങ്ങി അല്ലു ആദ്യം എത്തിയത് സ്വന്തം ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ ഗീത ആര്‍ട്സിന്റെ ഓഫീസിലാണ്.

Continue Reading

Trending