X

കെ.ടി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി; മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണറെ സമീപിക്കും എം.കെ മുനീര്‍

മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടെ കെഎംഡിഎഫ്‌സി ആസ്ഥാനത്തേക്ക് മുസ്്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച മാര്‍ച്ച് ഡോ.എംകെ മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതതല നിയമനങ്ങളെ കുറിച്ച മന്ത്രിസഭാ തീരുമാനം മന്ത്രി കെടി ജലീല്‍ അട്ടിമറിച്ചത് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍ ആവശ്യപ്പെട്ടു. കോഴിക്കോട്ട് മുസ്്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച കേരള മൈറോനിറ്റി ഡവലപ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ഓഫീസ്് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി പിതൃ സഹോദര പുത്രനെ തന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉന്നത പദവിയില്‍ നിയമിച്ച മന്ത്രി കെ.ടി ജലീല്‍ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. അനധികൃത ബന്ധുനിയമനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചില്ലെങ്കില്‍ മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണറെ സമീപിക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് പറഞ്ഞു.

മന്ത്രി സ്വജനപക്ഷപാതം നടത്തിയതു പകല്‍വെളിച്ചം പോലെ വ്യക്തമാണ്. ഇതോടെയാണ് പ്രതിരോധ ശ്രമവുമായി അദ്ദേഹം രംഗത്തിറങ്ങിയത്. ഓരോ പ്രതിരോധ ന്യായീകരണവും ബൂമറാങായി അദ്ദേഹത്തിനു നേരെ തിരിച്ചടിക്കുന്നു. ഏറെക്കാലമായി കെ.ടി ജലീല്‍ നിയമസഭക്കകത്തും പുറത്തും അഹങ്കാരത്തോടെ മാത്രമാണ് സംസാരിക്കുന്നത്. ഇപ്പോഴത്തെ പ്രശ്‌നം വന്നോപ്പോള്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് കയര്‍ക്കുകയാണ്.

മടിയില്‍ എന്തെങ്കിലും തടയാനുള്ളപ്പോഴാണ് ഇങ്ങനെ ഭയം കാണിക്കേണ്ടിവരിക. സ്വന്തം ജ്യേഷ്ട മകന്റെ മകനെ പിടിച്ചുകൊണ്ടു വന്നു എന്നു പറഞ്ഞിട്ട് നിയമനവുമായി ഒരു ബന്ധവുമില്ലെന്ന് പറയുന്നത് പരിഹാസ്യമാണ്. പരസ്യം കൊടുക്കാതെ പത്രക്കുറിപ്പില്‍ മാത്രം ഒതുക്കിയത് തന്നെ ദുരുദ്ദേശ്യത്തിന്റെ സൂചനയാണ്. യോഗ്യതയില്ലാത്തവരെ മന്ത്രി എന്തിനു ഇന്റര്‍വ്യൂവിന് വിളിച്ചു. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ ഒരു മന്ത്രി തന്നെ തയ്യാറായില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ സ്റ്റിയാറ്റിയൂട്ടറി പദവിയില്‍ നിന്നോ ആയിരിക്കണം ഡെപ്യൂട്ടേഷന്‍.
ജി.എം പോസ്റ്റില്‍ നിയമനം നടത്തണമെങ്കില്‍ കേന്ദ്ര അംഗങ്ങളടക്കമുളള ഉന്നതതല സമിതി പരിഗണിക്കണം. മാനദണ്ഡങ്ങള്‍ തെറ്റിച്ച് പൊതുമേഖലയില്‍ നിന്ന് ഒരാളെ ഡെപ്യൂട്ടേഷനില്‍ ഇത്തരം വലിയ പദവികളില്‍ സ്ഥാപിക്കുന്നത് കേരളത്തില്‍ ആദ്യമായിരിക്കും. യോഗ്യതയുളള ആയിരക്കണക്കിന് പേരെ അപഹസിച്ചുകൊണ്ടാണ് മന്ത്രി ഇപ്പോള്‍ പ്രതിരോധിക്കുന്നത്.

ബന്ധുവിനെയും രഘുറാം രാജിനെയും ഒരു പോലെ കാണുന്ന മന്ത്രിയുടെ ബുദ്ധി അപാരം തന്നെ.
ജി.എം പദവിക്ക് ബിടെക് ഡിഗ്രി മതിയെങ്കില്‍ എന്തുകൊണ്ട് തന്നെപ്പോലെയുള്ള എം.ബി.ബി.എസുകാരെ പരിഗണിച്ചില്ല. രണ്ടു സത്യപ്രതിജ്ഞാലംഘനങ്ങളാണ് മന്ത്രി നടത്തിയത്. ഒന്ന്, ബന്ധു നിയമനം നടത്തി. രണ്ട്, വായ്പ തിരിച്ചടക്കാത്ത മുസ്്‌ലിംലീഗുകാരെ പിടിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നമെന്നാണ് വാദം. തിരിച്ചടക്കാത്തവരെ ഏതെങ്കിലും പാര്‍ട്ടിക്കാര്‍ എന്ന നിലക്ക് ശത്രുക്കളായി കാണുന്നത് സത്യപ്രതിജ്ഞ ലംഘനമാണ്.

വായ്പ തിരിച്ചടക്കേണ്ടെന്ന് യു.ഡി.എഫ് ലഡ്ജറില്‍ എഴുതിവെച്ചു എന്നു മന്ത്രി വാദിക്കുമ്പോള്‍ ഇനി മറ്റൊരു ഭരണം വരില്ലെന്ന് മാത്രം ധരിക്കാന്‍ ജലീലിനെ പോലെ വിഡ്ഡികളല്ല ലീഗുകാര്‍. നടപടിയെടുക്കുമെന്ന് പറഞ്ഞ് പ്രതിഷേധിക്കുന്നവരെ പേടിപ്പിക്കാന്‍ മാത്രം ഭീരുവായിരിക്കുന്നു ജലീല്‍. മന്ത്രി ജലീലിനെ പിന്തുണക്കാന്‍ സിപിഎമ്മുകാര്‍ മുന്നോട്ടുവരുന്നില്ലെന്നും ആകെക്കൂടി രംഗത്തെത്തിയത് സ്വജനപക്ഷപാതത്തില്‍ അദ്ദേഹത്തിന്റെ മൂത്താപ്പ ഇപി ജയരാജന്‍ മാത്രമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കുറ്റസമ്മത മൊഴിയാണ്. യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തിലുള്ളപ്പോഴാണ് യോഗ്യതയുള്ള ഒരാളെപ്പോലും കിട്ടാത്തത് കൊണ്ടാണ് ബന്ധുവിനെ നിയമിച്ചതെന്ന മന്ത്രിയുടെ വാദം ബാലിശവും പരിഹാസ്യവുമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

chandrika: