X

സ്ത്രീകളെ ഭീഷണിപ്പെടുത്തി നടത്തുന്ന നവോത്ഥാനം മുന്നോട്ടുവെക്കുന്നത് അടിമത്തമെന്ന് ഡോ. എം.കെ മുനീര്‍

സ്ത്രീകളെ ഭീഷണിപ്പെടുത്തി സി.പി.എം നടത്തുന്ന സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വനിതാ നവോത്ഥാനമല്ല, പകരം അടിമത്തമാണ് മുന്നോട്ടുവെക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് മതിലില്‍ സ്ത്രീകളെ പങ്കെടുപ്പിക്കുന്നത്. ജോലിക്കു വരെ കുഴപ്പമുണ്ടാകുമെന്നു സൂചിപ്പിക്കുന്ന ഭീഷണികളാണ് വരുന്നത്. വാഹനം അയക്കുമ്പോള്‍ അതില്‍ അയല്‍ക്കൂട്ടത്തിലെ അംഗങ്ങള്‍ കയറിയില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ മുടക്കുമെന്നു ഭീഷണിപ്പെടുത്തുന്നു. പഞ്ചായത്ത് പ്രതിനിധികളെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ചിലയിടത്ത് ഭീഷണി. അംഗന്‍വാടി ടീച്ചര്‍മാരെ ഭയപ്പെടുത്തുകയാണ്. വനിതാ മതിലിനെതിരെ നിന്ന കുടുംബശ്രീ പ്രോഗ്രാം ഓഫീസറെ പുറത്താക്കി. 18 വയസ്സിനു താഴെയുള്ള കുട്ടികളെ വനിതാ മതിലിന് ഉപയോഗിക്കരുതെന്ന കോടതി വിധിയെ പോലും പരസ്യമായി വെല്ലുവിളിക്കുകയാണ്. പെന്‍ഷന്‍കാരെ പോലും വെറുതെ വിടാതെ നിര്‍ബന്ധിത പിരിവും നടക്കുന്നു. ഇങ്ങനെ ആണുങ്ങളുടെ ഭീഷണി ഭയന്ന് സ്ത്രീകള്‍ കെട്ടുന്ന മതില്‍ അടിമത്ത മതിലാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെ എല്ലാ ഗവണ്‍മെന്റ് ഡിപ്പാര്‍ട്മെന്റുകളും കുറെ ദിവസമായി വനിതാ മതിലിന് ആളെ സംഘടിപ്പിക്കാനുള്ള തിട്ടൂരങ്ങള്‍ ഇറക്കിക്കൊണ്ടിരിക്കുകയാണ്. കത്തിമുന കാട്ടി ഭീഷണിപ്പെടുത്തി റോഡില്‍ വരുന്നുതിന്റെ മൂന്നിരട്ടി സ്ത്രീകള്‍ ഇതിനെ നിഷേധിച്ച് വീട്ടിലിരിക്കുന്നുണ്ട്. സ്ത്രീകളെ അടുക്കളയില്‍നിന്ന് തെരുവിലാക്കുന്ന സര്‍ക്കാര്‍ വനിതകളെ ബഹുമാനിക്കുകയല്ല, അവഹേളിക്കുകയാണ് ചെയ്യുന്നതെന്നും മുനീര്‍ പറഞ്ഞു. വനിതാ മതിലിന് സര്‍ക്കാര്‍ ചെലവില്ലെന്നു പറയുമ്പോഴും സര്‍ക്കാര്‍ പല കാര്യത്തിനും ചെലവാക്കി കഴിഞ്ഞു. ലാപ്സാകാതിരിക്കാന്‍ 50 കോടി ചെലവാക്കുമെന്ന് കോടതിയില്‍ പറഞ്ഞവര്‍ തന്നെ പിന്നീട് മാറ്റിപ്പറഞ്ഞു. എന്നാല്‍ കലക്ടറേറ്റില്‍ യോഗം കൂടാന്‍ വെള്ളാപ്പള്ളിയും സുഗതനുമാണോ പണം ചെലവഴിച്ചത്? സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് വെള്ളാപ്പള്ളിയാണോ പണം നല്‍കിയത്? -മുനീര്‍ ചോദിച്ചു. ശിവഗിരി തീര്‍ത്ഥാടനം ജനുവരി ഒന്നാം തിയ്യതിയാണ്. ഇതേ ദിവസം വനിതാ മതിലു കെട്ടുമ്പോള്‍ വെള്ളാപ്പള്ളിക്ക് നാരായണഗുരുവാണോ മതിലാണോ വലുത്? സംഘടനകളല്ല, വ്യക്തികളാണ് പ്രശ്നം. വെള്ളാപ്പള്ളി വര്‍ഗ്ഗീയവാദിയാണെന്ന് പിണറായി വിജയനാണ് തങ്ങളെ പഠിപ്പിച്ചതെന്നും മുനീര്‍ പറഞ്ഞു. നാടിനെ വിഭജിക്കാനുള്ള കത്രികയുടെ ദൗത്യമാണ് ഇടതുപക്ഷം ചെയ്യുന്നത്. സൂചിയും നൂലും കൊണ്ട് അതെങ്ങനെ തുന്നിച്ചേര്‍ക്കാമെന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്, ഡോ. എം.കെ മുനീര്‍ വ്യക്തമാക്കി.

chandrika: