X

മുത്വലാഖ് ബില്ല്: പാര്‍ട്ടി നിലപാട് സുവ്യക്തമെന്ന് മുസ്‌ലിംലീഗ്

കോഴിക്കോട്: പാര്‍ലമെന്റിനു മുന്നിലെത്തിയ മുത്വലാഖ് ബില്ല് സംബന്ധിച്ച് ലോക്‌സഭയിലും രാജ്യസഭയിലും പാര്‍ട്ടിയുടെ നിലപാട് അര്‍ഥശങ്കക്കിടയില്ലാത്തവിധം മുസ്‌ലിംലീഗ് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇക്കാര്യത്തില്‍ ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പ്രസ്താവനയില്‍ പറഞ്ഞു. സിവില്‍ നിയമം ക്രിമിനല്‍ കുറ്റമാക്കുകയും മുസ്‌ലിം വ്യക്തിനിയമത്തില്‍ ഇടപെടലുകള്‍ നടത്തുകയുമാണ് ഈ ബില്ലിലൂടെ നടന്നിട്ടുള്ളത്. മുസ്ലിം സമുദായത്തിലൊരാള്‍ വിവാഹമോചനം നടത്തിയാല്‍ അവരെ തടവുശിക്ഷക്ക് വിധേയമാക്കുന്ന നിയമം മറ്റൊരു സമുദായത്തിലും വിവാഹമോചനത്തിനു ബാധകമല്ലെന്നതാണ് വിചിത്രമായ കാര്യം. അപ്രായോഗികമായ ഈ നിയമത്തെ അപ്പാടെ എതിര്‍ക്കുകയാണ് പാര്‍ട്ടി പാര്‍ലമെന്റില്‍ ചെയ്തുവന്നിരുന്നത്. ഓര്‍ഡിനന്‍സിനു പകരമായി വന്ന ലോക്‌സഭയിലെ ബില്ലിനെ അതിശക്തമായ രീതിയില്‍ പാര്‍ട്ടി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എതിര്‍ക്കുകയുണ്ടായി. ഈ എതിര്‍പ്പ് കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് ചിലര്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിക്കുന്നത്.

യുപിഎയിലെ പല കക്ഷികളുംവോട്ടിങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുമ്പോള്‍ അതിനെ വോട്ട് ചെയ്ത് എതിര്‍ത്ത് നില്‍ക്കുകയാണ് പ്രായോഗികമായി നല്ലതെന്നു തോന്നിയതിനാലാണ് ഇടി ബഷീര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഈ കാര്യങ്ങളെല്ലാം തന്നെയും ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമാണ്. മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ വന്നിട്ടുള്ള പല നിയമനിര്‍മ്മാണങ്ങളെയും മുസ്ലിംലീഗ് പാര്‍ട്ടി എതിര്‍ത്തുപോന്നിട്ടുണ്ട്. വ്യക്തിപരമായ ചില കാരണങ്ങളാല്‍ ഒരു അംഗത്തിന് ഇതില്‍ പങ്കെടുക്കാനാവാത്തത് വലിയ വാര്‍ത്തയാക്കുന്നവര്‍ മുസ്ലിം ലീഗെടുത്ത നിലപാടിനെ മറച്ചുവെക്കുകയാണ് ചെയ്യുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. വരുംകാലങ്ങളില്‍ ഇസ്ലാമിക ശരീഅത്തിനെതിരെയും വ്യക്തിനിയമള്‍ക്കെതെരിയെും നടക്കുന്ന എല്ലാ ശ്രമങ്ങളെയും പാര്‍ട്ടി എതിര്‍ത്തു തോല്‍പിക്കുക തന്നെ. ചെയ്യും.

chandrika: