കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീംകോടതി വാദംകേള്‍ക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാദള്‍ സെക്യുലര്‍ തലവന്‍ എച്ച്.ഡി ദേവെ ഗൗഡയെ ഫോണില്‍ വിളിച്ചു. ഇന്ന് 85-ാം ജന്മദിനം ആഘോഷിക്കുന്ന ദേവെ ഗൗഡയെ ജന്മദിനാശംസ നേരാന്‍ താന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രിയും ദേവെ ഗൗഡയും തമ്മിലുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. കര്‍ണാടകയില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഗൗഡയുമായി വിശദമായി സംസാരിക്കാന്‍ മോദി ശ്രമിച്ചുവെന്നും എന്നാല്‍, മുന്‍ പ്രധാനമന്ത്രി അതിന് വഴങ്ങിയില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ദേവെ ഗൗഡയുടെ രണ്ടാമത്തെ മകന്‍ എച്ച്.ഡി രേവണ്ണയെയും അദ്ദേഹം വഴി 12 ജെ.ഡി.എസ് എം.എല്‍.എമാരെയും കൂടെ നിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുന്നതായി സൂചനയുണ്ട്.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ബി.എസ് യെദ്യൂരപ്പ സുരക്ഷ പിന്‍വലിച്ചതിനെ തുടര്‍ന്ന് ജെ.ഡി.എസ്സിന്റെയും കോണ്‍ഗ്രസിന്റെയും എം.എല്‍.എമാരെ ഹൈദരാബാദിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, ദേവെ ഗൗഡയുടെ മക്കളായ കുമാരസ്വാമിയും രേവണ്ണയും പിതാവിന്റെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ബെംഗളുരുവില്‍ തങ്ങുകയാണ്.