ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആശംസയെത്തി. ചിദംബരത്തിന്റെ ഗ്രാമത്തിലെ വിലാസത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസകള്‍ അര്‍പ്പിച്ചുള്ള കത്ത് എത്തിയത്. കത്തിന് ചിദംബരം മറുപടിയും അറിയിച്ചിട്ടുണ്ട്. ഐഎന്‍എക്‌സ് മീഡിയ കേസിലാണ് ചിദംബരം അറസ്റ്റിലായിരിക്കുന്നത്. സെപ്റ്റംബര്‍ 16 നായിരുന്നു ചിദംബരത്തിന്റെ ജന്മദിനം.
ചിദംബരത്തിന് ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്ന് കത്തില്‍ മോദി പറഞ്ഞു. ജനങ്ങള്‍ക്ക് ഇനിയും സേവനം ചെയ്യാനാകട്ടേയെന്നും പ്രധാനമന്ത്രി ആശംസിച്ചു. ഗ്രാമത്തിലെത്തിയ കത്ത് ചിദംബരത്തിന് കൈമാറുകയായിരുന്നു. മോദിയുടെ ആശംസ അപ്രതീക്ഷിത സന്തോഷം നല്‍കിയെന്ന് ചിദംബരം ട്വിറ്ററിലൂടെ പ്രതികരിച്ചു. കുടുംബമാണ് ചിദംബരത്തിന്റെ ട്വിറ്റര്‍ പേജ് കൈകാര്യം ചെയ്യുന്നത്.
‘നിങ്ങള്‍ ആശംസിച്ചത് പോലെ, ജനങ്ങളെ ഇനിയും സേവിക്കണം. നിര്‍ഭാഗ്യവശാല്‍ നിങ്ങളുടെ അന്വേഷണ ഏജന്‍സികള്‍ എന്നെ അതില്‍ നിന്നും തടയുകയാണ്. ഇപ്പോഴത്തെ അപമാനിക്കല്‍ അവസാനിച്ചാല്‍ ഞാന്‍ ജനങ്ങള്‍ക്കിടയിലേക്ക് മടങ്ങിയെത്തുമെന്നും ചിദംബരം മറുപടിയായി പറഞ്ഞു.
Be the first to write a comment.