ഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ മുന്‍ ധനകാര്യമന്ത്രി പി.ചിദംബരം രംഗത്ത്. ‘എല്ലാം ദൈവത്തിന്റെ കളി’ എന്നായിരുന്നു സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ധനമന്ത്രി നടത്തിയ പ്രതികരണം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിവെച്ച ദുരന്തത്തിന് ദൈവത്തെ കുറ്റപ്പെടുത്തരുതെന്ന് പി ചിദംബരം പറഞ്ഞു. ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രനയങ്ങള്‍ക്കെതിരെ ചിദംബരം വീണ്ടും രംഗത്തെത്തിയത്.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളര്‍ച്ച ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 23.9 ശതമാനം ചുരുങ്ങിയതായി റിപ്പോര്‍ട്ട് പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് ചിദംബരത്തിന്റെ പരാമര്‍ശം. സാമ്പത്തിക വര്‍ഷത്തിന്റെ അടുത്ത പാദങ്ങളില്‍ സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വ് ഉണ്ടാവുമെന്ന മുഖ്യസാമ്പത്തിക ഉപദേഷ്ടാവിന്റെ വാദങ്ങളേയും ചിദംബരം ചോദ്യംചെയ്തു.

എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രതീക്ഷ പങ്കുവെയ്ക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച എല്ലാ വാദങ്ങളേയും റിപ്പോര്‍ട്ടുകളേയും തള്ളിക്കളയുന്നതായിരുന്നു റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് എന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി നേരിടാന്‍ കറന്‍സികള്‍ അച്ചടിക്കാമെന്നും അത് സര്‍ക്കാരിന്റെ അധികാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.