വാഷിങ്ടണ്‍: കോവിഡിനെ ശക്തമായി പ്രതിരോധിച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിനന്ദിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നെവാഡയിലെ തെരഞ്ഞെടുപ്പു റാലിയിലായിരുന്നു ട്രംപിന്റെ ‘വെളിപ്പെടുത്തല്‍’. കോവിഡ് ടെസ്റ്റുകളുടെ കാര്യത്തില്‍ ‘നിങ്ങള്‍ ഗംഭീരമായി പ്രവര്‍ത്തിച്ചു’ എന്നു മോദി അഭിനന്ദിച്ചെന്നു പറഞ്ഞ ട്രംപ്, തന്റെ എതിരാളിയും ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ ജോ ബൈഡനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്ന കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടത്തിയ പക്ഷിപ്പനി പ്രതിരോധം വലിയ ദുരന്തമായിരുന്നെന്ന് ട്രംപ് ആരോപിച്ചു.

ഇന്ത്യയടക്കമുള്ള വലിയ രാജ്യങ്ങളിലേതിനേക്കാള്‍ കോവിഡ് ടെസ്റ്റുകള്‍ നടത്താന്‍ യുഎസിനു കഴിഞ്ഞെന്ന് ട്രംപ് പറഞ്ഞു. ‘ഇന്ത്യയാണ് ടെസ്റ്റുകളുടെ കാര്യത്തില്‍ യുഎസിനു പിന്നില്‍ രണ്ടാമത്. യുഎസ് ഇന്ത്യയെക്കാള്‍ 44 ദശലക്ഷം പരിശോധനകള്‍ അധികം നടത്തി. മോദി എന്നെ വിളിച്ച്, പരിശോധനയുടെ കാര്യത്തില്‍ നിങ്ങള്‍ എന്തൊരു മികവാണു കാഴ്ചവച്ചതെന്ന് അഭിനന്ദിച്ചു’. – ട്രംപ് പറഞ്ഞു.

കൊറോണ വൈറസ് യുഎസിലേക്ക് എത്തിയ കാലത്ത് ബൈഡനായിരുന്നു അധികാരത്തിലെങ്കില്‍ ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ മരിച്ചുവീഴുമായിരുന്നെന്നും ട്രംപ് പറഞ്ഞു.