ലക്‌നൗ: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍. ഷമിയുടെ വീടാക്രമിച്ചുവെന്ന കുറ്റത്തിനാണ് ഭാര്യ ഹസിന്‍ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനു ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

ഷഹാസ്പൂരിലെ അലിനഗര്‍ ഗ്രാമത്തിലുള്ള ഷമിയുടെ വീട്ടിലെത്തി ആക്രമണം നടത്തിയെന്നാണ് കേസ്. ഷമിയുടെ അമ്മ ആക്രമണം നടത്തുന്നത് തടയാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ലെന്നും തുടര്‍ന്ന് പൊലീസെത്തി ഹസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഉത്തര്‍പ്രദേശ് പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. അതേസമയം, ഹസിന്‍ സംഭവം നിഷേധിച്ചു. വീട്ടിലേക്ക് വന്ന തന്നോട് ഷമിയുടെ അമ്മ മോശമായി പെരുമാറുകയായിരുന്നുവെന്ന് ഹസിന്‍ പറഞ്ഞു.

മാര്‍ച്ചില്‍ മുഹമ്മദ് ഷമിക്കെതിരെ ഹസിന്‍ പരാതി നല്‍കിയിരുന്നു. ഐ.പി.സി സെക്ഷന്‍ 498(A) സ്ത്രീധന പീഡന നിരോധന നിയമം, ലൈംഗിക പീഡനം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തിരുന്നു. ഏറെകാലമായി ഇരുവരും തമ്മില്‍ ദാമ്പത്യകലഹം നിലനില്‍ക്കുകയാണ്.