മുംബൈ: വിവാദങ്ങള്‍ക്ക് മറുപടിയുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. വിവാദങ്ങള്‍ക്ക് കാരണം തന്റെ ഭാര്യ ഹസിന്‍ ജഹാനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന് മുഹമ്മദ് ഷമി പറഞ്ഞു. മാധ്യമങ്ങള്‍ക്കുമുന്നില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഷമി നിഷേധിച്ചു.

എന്തെങ്കിലും തെറ്റ് വന്ന് പോയിട്ടുണ്ടെങ്കില്‍ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു. ക്രിക്കറ്റില്‍ സജീവമാകണമെന്നാണ് ആഗ്രഹം. അന്വേഷണത്തോട് സഹകരിക്കും. തന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്നും ഷമി വ്യക്തമാക്കി. ഭാര്യയെ ആരോ തെറ്റിദ്ധരിപ്പിച്ചതിനാലാകാം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പരസ്പരം എല്ലാം ക്ഷമിച്ച് നല്ലൊരു കുടുംബ ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തില്‍ മക്കളാണ് തങ്ങള്‍ക്ക് പ്രിയപ്പെട്ടത്. ഭാര്യയും മക്കളും കൂടെയില്ലെങ്കില്‍ തനിക്ക് കരിയര്‍ പോലും ശ്രദ്ധിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.സി.സി.ഐ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരിശീലനം തുടരണമെന്നും ക്രിക്കറ്റില്‍ സജീവമാകണമെന്നും ഷമി കൂട്ടിച്ചേര്‍ത്തു.

ഷമിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നായിരുന്നു ഹസിന്റെ ആദ്യത്തെ ആരോപണം. പിന്നീട് കോഴ ആരോപണവുമായും ഹസിന്‍ എത്തിയതോടെ മറുപടിയുമായി ഷമിയും എത്തിയിരുന്നു. തുടര്‍ന്നാണ് ആരോപണങ്ങളില്‍ വിശദീകരണവുമായി ഷമി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.