തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്.എഫ്.ഐ നേതാവിനു കുത്തേറ്റു. ഞാറ്റുവയല്‍ സ്വദേശിയും 19കാരനുമായ എന്‍.വി കിരണിനാണ് കുത്തേറ്റത്. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് കിരണിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ജയന്‍, രാകേഷ്, അക്ഷയ്, അജേഷ് എന്നിവരാണ് അറസ്റ്റിലായത്.

ഗുരുതരമായി പരിക്കേറ്റ കിരണിനെ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃച്ചംബരം ഡ്രീം പാലസിനു സമീപത്തുവെച്ചാണ് കിരണിനു കുത്തേറ്റത്. നെഞ്ചിനും കാലിനുമടക്കം മൂന്നു കുത്തുകളേറ്റ കിരണിന്റെ നില അതീവ ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. എസ്.എഫ്.ഐ കോഓപ്പറേറ്റീവ് കോളജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമാണ് കിരണ്‍.