അഷ്‌റഫ് വേങ്ങാട്ട്

റിയാദ് – ലോകത്തെ ഏറ്റവും വലിയ പത്ത് സാമ്പത്തിക നഗരങ്ങളില്‍ ഒന്നായി സഊദി തലസ്ഥാന നഗരിയായ റിയാദ് നഗരത്തെ ഉയർത്തികൊണ്ടവരുമെന്ന് സഊദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വെളിപ്പെടുത്തി. നിലവിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക നഗരങ്ങളുടെ പട്ടികയില്‍ നാല്‍പതാം സ്ഥാനത്താണ് റിയാദ്. 2030 ഓടെ റിയാദിലെ ജനസംഖ്യ 75 ലക്ഷത്തില്‍ നിന്ന് ഒന്നര മുതല്‍ രണ്ടു കോടി വരെയായി ഉയര്‍ത്താനും ലക്ഷ്യമുണ്ട്.ലോകത്തെ ഏറ്റവും വലിയ വ്യാവസായിക നഗരം റിയാദില്‍ പ്രഖ്യാപിക്കും.
നാലാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തില്‍ ‘റിയാദിന്റെ ഭാവി’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സെഷനില്‍ സംസാരിക്കുകയായിരുന്നു കിരീടാവകാശി.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംരംഭകരായ പതിനായിരത്തോളം പേർ പങ്കെടുക്കുന്ന നിക്ഷേപക സമ്മേളനത്തിൽ സഊദിയെ അത്യാധുനിക രാജ്യമാക്കാനുള്ള ഒട്ടേറെ പദ്ധതികൾക്കാണ് രൂപം നൽകുന്നത്.

രാജ്യത്തെ വരുമാന സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണത്തിനും സാമ്പത്തിക വളര്‍ച്ചക്കുമുള്ള പദ്ധതികളുടെ ഭാഗമായി, തലസ്ഥാന നഗരിയുടെ സമഗ്ര വികസനത്തിന് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള സാധ്യതകള്‍ ഇന്ന് തലസ്ഥാന നഗരിക്കുണ്ട് . അതുകൊണ്ടു തന്നെ പ്രത്യേക പരിഗണനയോടെയാണ് റിയാദിനെ നോക്കിക്കാണുന്നത്. സഊദിയുടെ പെട്രോളിതര സമ്പദ്‌വ്യവസ്ഥയുടെ 50 ശതമാനം റിയാദിലാണ്. രാജ്യത്തെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് റിയാദില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ചെലവ് 30 ശതമാനം കുറവാണ്.

പശ്ചാത്തല വികസനം, റിയല്‍ എസ്റ്റേറ്റ് വികസനം എന്നിവക്കുള്ള ചെലവ് റിയാദില്‍ മറ്റു നഗരങ്ങളെ അപേക്ഷിച്ച് 29 ശതമാനവും കുറവാണ്. സല്‍മാന്‍ രാജാവ് 55 വര്‍ഷത്തിലേറെ കാലം റിയാദ് നഗരത്തിന്റെ ഭരണം കൈയാളിയതിന്റെയും പദ്ധതികള്‍ ആസൂത്രണം ചെയ്തതിന്റെയും ഫലമായി റിയാദിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഏറെ മികച്ചതാണ്. റിയാദില്‍ ദശലക്ഷക്കണക്കിന് മരങ്ങള്‍ നട്ടുവളര്‍ത്തി റിയാദ് ഹരിതവല്‍ക്കരണ പ്രോഗ്രാം നടപ്പാക്കും. ഇതിലൂടെ നഗരത്തില്‍ താപനിലയും പൊടിയും കുറക്കാന്‍ സാധിക്കും. തലസ്ഥാന നഗരിയിലെ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിന് നഗരത്തിന് ചുറ്റും വലിയ സംരക്ഷിത പ്രദേശങ്ങള്‍ സ്ഥാപിക്കാനും പദ്ധതികളുണ്ട്.

ലോക സമ്പദ്‌വ്യവസ്ഥയുടെ 85 ശതമാനവും നഗര കേന്ദ്രീകൃതമാണ്. അതുകൊണ്ടു തന്നെ വ്യവസായം, വിദ്യാഭ്യാസം, സേവനം, ടൂറിസം, പുതുമകള്‍ തുടങ്ങിയ മേഖലകളില്‍ യഥാര്‍ഥ വികസനം നഗരങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥ രാജ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച്, നഗരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ സഊദിയിലെ എല്ലാ പ്രവിശ്യകളിലും നഗരങ്ങളിലും പരിസ്ഥിതി പദ്ധതികള്‍ നടപ്പാക്കും. ഇതേ കുറിച്ച് പിന്നീട് പരസ്യപ്പെടുത്തും. രാജ്യത്ത് നിരവധി അവസരങ്ങളുണ്ട്. നിയോം സിറ്റി തന്ത്രവും ദി ലൈന്‍ സിറ്റി പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ, അസീര്‍ പ്രവിശ്യ വികസനങ്ങള്‍ക്കും തന്ത്രങ്ങള്‍ തയാറാക്കും. ലഭ്യമായ അവസരങ്ങള്‍ക്കനുസരിച്ച് മുഴുവന്‍ പ്രവിശ്യകള്‍ക്കും പ്രത്യേക വികസന പദ്ധതികൾ തയാറാക്കുമെന്നും 2030 വിഷൻ പദ്ധതിക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി.