മുംബൈ: മുംബൈയിലെ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിടിത്തം. മഹാരാഷ്ട്രയിലെ നാഗപാദ സിറ്റി സെന്‍ട്രല്‍ മാളിലാണ് തീപിടിത്തമുണ്ടായത്. മോര്‍ലാന്റ് റോഡിന് എതിര്‍വശത്തുള്ള അഞ്ചുനില വ്യാപാര സമുച്ചയത്തിലാണ് വ്യാഴാഴ്ച രാത്രിയില്‍ തീപിടിത്തമുണ്ടായത്. തീ അണക്കാനുള്ള ശ്രമം ഇപ്പോഴും പുരോഗമിക്കുകയാണ്.

അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാളിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നു. കനത്ത പുകയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട അഗ്‌നിശമന സേനാംഗം ശാംറാവു ബന്‍ജാരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീ അണക്കാന്‍ അഗ്‌നിശമന സേനയുടെ 24 യൂണിറ്റ് സ്ഥലത്ത് എത്തിയിരുന്നു. ലെവല്‍ 5ല്‍ ഉള്‍പ്പെടുന്നതാണ് വ്യാപാര സമുച്ചയത്തിലെ അഗ്‌നിബാധയെന്ന് അധികൃതര്‍ അറിയിച്ചു.