പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇ റിക്ഷ ഡ്രൈവറെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു. ശനിയാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ ജി.ടി.ബി നഗര്‍ മെട്രോ റെയില്‍ സ്‌റ്റേഷനു സമീപമായിരുന്നു സംഭവം. കിഷോര്‍ മാര്‍ക്കറ്റ് നിവാസിയായ രവീന്ദര്‍(32) ആണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ എന്ന് തോന്നിക്കുന്ന നാലുപേരടങ്ങുന്ന സംഘം റോഡ്‌സൈഡില്‍ മൂത്രമൊഴിക്കുന്നത് കണ്ട് രവീന്ദര്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇതോടെ യുവാക്കള്‍ രവീന്ദറുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ദുര്‍ഗന്ധമുണ്ടാകുമെന്നും പ്രദേശം വൃത്തികേടാകുമെന്നും പറഞ്ഞാണ് രവീന്ദര്‍ യുവാക്കളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്. വാക്കേറ്റത്തിനൊടുവില്‍ യുവാക്കള്‍ പ്രദേശം വിട്ടു പോയെങ്കിലും രാത്രി എട്ട് മണിയോടെ സംഘം ചേര്‍ന്നെത്തി രവീന്ദറിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പും വടിയും ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ രവീന്ദറിന് ഗുരുതര പരിക്കേറ്റു. അക്രമികള്‍ പോയ ശേഷം രവീന്ദര്‍ തന്നെയാണ് മൊബൈലില്‍ സഹോദരനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ സഹോദരന്‍ എത്തി രവീന്ദറിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.