X

മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന പ്രമേയങ്ങള്‍

1. ബി.ജെ.പി സര്‍ക്കാറിന്റെ എട്ടു വര്‍ഷത്തെ ഭരണം രാജ്യത്തെയാകെ മുച്ചൂടും നശിപ്പിച്ചു. എല്ലാ അവശ്യ സാധനങ്ങളുടെയും വിലക്കയറ്റം, ജി.ഡി.പി വളര്‍ച്ചയിലെ കുറവ്, തൊഴിലില്ലായ്മയുടെ വര്‍ദ്ധനവ്, പല സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതത്തില്‍ വന്‍തോതിലുള്ള കുറവ് എന്നിവയെല്ലാം പിന്നോട്ടുള്ള നടത്തമാണ്.

2. മോദി സര്‍ക്കാര്‍ ഫെഡറലിസത്തിന്റെ ആത്മാവിനെ തടയുകയാണ്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളും സ്വേച്ഛാധിപത്യ കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിരന്തരമായ അധികാര പോരാട്ടം നടക്കുന്നു. ഇത് സംസ്ഥാനങ്ങളിലെ പൊതുവികസനത്തെ ദോഷകരമായി ബാധിക്കുന്നു.

3. സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായ എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും അടിച്ചമര്‍ത്തുകയും നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് വേട്ടയാടുകയുമാണ്. ആയിരക്കണക്കിന് യുവാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും പോലും നിസാര കാരണങ്ങളാല്‍ ജയിലില്‍ അടക്കുന്നു. പല കേസുകളിലും വര്‍ഷങ്ങളായി കുറ്റപത്രം പോലും സമര്‍പ്പിക്കാറില്ല. സാധാരണ കേസുകളില്‍ ജാമ്യം നേടുക എന്നത് ക്ലേസകരമായി മാറുകയും ഒരു ജില്ലാ മജിസ്ട്രേറ്റിന് എളുപ്പത്തില്‍ അനുവദിക്കാവുന്ന ജാമ്യത്തിനായി പ്രതികള്‍ സുപ്രീം കോടതിയെ വരെ സമീപിക്കേണ്ട അവസ്ഥയാണ്.

4. ഇന്ത്യ അതിന്റെ പരമ്പരാഗതമായ സാംസ്‌കാരിക വൈവിധ്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും മാനിക്കുന്ന മഹത്തായ രാഷ്ട്രമാണ്.എന്നാല്‍ കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിലവിലെ ഭരണത്തില്‍ ബഹുജനങ്ങള്‍ക്കിടയിലും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളിലും പിന്നാക്ക പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലും വര്‍ദ്ധിച്ചുവരുന്ന അവിശ്വാസത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നു. രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളും സാംസ്‌കാരിക, മത, ഭാഷാ, വംശീയ സ്വത്വങ്ങളും വലതുപക്ഷ തീവ്രവാദികളുടെ കൈകളില്‍ അപകടത്തിലാണ്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒരു മതം, എന്ന ഭരണഘടനാ വിരുദ്ധമായ പ്രചരണമാണ് നടക്കുന്നത്. വിവേചനം കൂടാതെ നിയമത്തിന്റെ തുല്യാവകാശ സംരക്ഷണത്തെ തുരങ്കം വക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കടന്നുകയറി ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നു. ന്യൂനപക്ഷങ്ങളെയും ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, മതാന്ധതക്ക് രാഷ്ട്രീയ സംരക്ഷണവും മറയും നല്‍കുന്നു. ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

5.വലതുപക്ഷ ശക്തികളെ അധികാരക്കസേരയില്‍ നിന്ന് പുറത്താക്കി മൗലികാവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന ഒരൊറ്റ അജണ്ടയില്‍ ഐക്യപ്പെടാന്‍ രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും മറ്റ് ജനാധിപത്യ ശക്തികളോടും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ആഹ്വാനം ചെയ്യുന്നു. നമ്മുടെ രാജ്യത്തെ ഓരോ പൗരനും അവരുടെ സാംസ്‌കാരിക, മത, ഭാഷാ വൈജാത്യങ്ങള്‍ മുറുകെ പിട്ിച്ച് ജീവിക്കാനാവണം. മതഭ്രാന്ത്, തീവ്രവാദം എന്നിവയുടെ പിടിയില്‍ നിന്ന് രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തണം. രാജ്യത്തിന്റെ നാനാത്വത്തിലും സാമുദായിക സൗഹാര്‍ദത്തിലും മതേതര പാരമ്പര്യങ്ങളിലും ജനാധിപത്യ തത്വങ്ങളിലും വിശ്വാസം ജനിപ്പിച്ച് നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുന്ന മാതൃകാ പൗരന്മാരാക്കണം.

സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്

1. മതത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താന്‍ നിക്ഷിപ്ത താല്‍പ്പര്യമുള്ള ആളുകള്‍ ദുരുപയോഗം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശ തത്വങ്ങളുടെ ഭാഗം മാത്രമായ ആര്‍ട്ടിക്കിള്‍ 44 റദ്ദാക്കണം. നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സമുദായങ്ങള്‍ക്കിടയില്‍ സാഹോദര്യവും കാത്തുസൂക്ഷിക്കാന്‍ ഇതു അനിവാര്യമാണ്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും ഐക്യത്തിനും എതിരായ ഏക സിവില്‍ കോഡിന്റെ അടിസ്ഥാനമായ ആര്‍ട്ടിക്കിള്‍ 44 റദ്ദാക്കുന്നതിലൂടെ മാത്രമേ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ. ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുശാസിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ മതപരവും മൗലികവുമായ അവകാശങ്ങള്‍ തടയാന്‍ ശ്രമിക്കുന്ന ആര്‍ട്ടിക്കിള്‍ 44 റദ്ദാക്കേണ്ടത് അടിയന്തിര ആവശ്യമാണ്.

2. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ആരാധനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ക്ഷേത്രങ്ങള്‍,പള്ളികള്‍,മസ്ജിദുകള്‍, ഗുരുദ്വാരകള്‍ തുടങ്ങി എല്ലാ ആരാധനാലയങ്ങളും പതിവ് പ്രാര്‍ത്ഥനകള്‍ക്കായി തുറക്കുന്നതിന് അനുയോജ്യമായ ഒരു നിയമം കൊണ്ടുവരണം.

3.സംസ്ഥാന അസംബ്ലികളിലേക്കും പാര്‍ലമെന്റിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം കൊണ്ടുവരുന്നതിനുള്ള നിയമനിര്‍മ്മാണം കൊണ്ടുവണം.

4. എല്ലാ തെരഞ്ഞെടുപ്പുകളിലും യോഗ്യരായ വോട്ടര്‍മാരാകാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍.ആര്‍.ഐ)സൗകര്യമൊരുക്കണം. വിലയേറിയ വിദേശനാണ്യം അയച്ചുകൊണ്ട് നമ്മുടെ രാഷ്ട്രത്തിന് സംഭാവന ചെയ്യുന്ന എ.ആര്‍.ഐകളുടെ ന്യായമായ ആവശ്യമാണിത്. ഇന്ത്യയുടെ പരമോന്നത നീതിപീഠം ഈ വിഷയത്തില്‍ പല തവണ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

5. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ന്യൂനപക്ഷ കമ്മീഷനുകളും ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനുകളും സ്ഥാപിക്കുന്നത് ഉറപ്പാക്കണം.

6. ഗ്രൂപ്പ് ‘സി’യിലെ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കമ്മിറ്റികളില്‍/ബോര്‍ഡുകളില്‍ പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍ പെട്ട ഒരു അംഗവും ന്യൂനപക്ഷ മുസ്ലിം സമുദായത്തില്‍ പെട്ട ഒരു അംഗവും നിര്‍ബന്ധമാക്കണമെന്ന ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പിലാക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍, പൊലീസ്, ജുഡീഷ്യറി എന്നിവയില്‍ അര്‍ഹമായ പ്രാധിനിത്യം ഉറപ്പാക്കണം.

7. മതേതര രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായതും മതപരമായ വിവേചനത്തിലേക്ക് നയിക്കുന്നതുമായ പൗരത്വ ഭേദഗതി നിയമത്തിന്റെയും (സി.എ.എ)ദേശീയ പൗരത്വ രജിസ്റ്ററിന്റെയും (എന്‍.ആര്‍.സി) ഭരണഘടനാ വിരുദ്ധ നിയമനിര്‍മ്മാണം ഉടനടി പിന്‍വലിക്കണം.

8. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രീ-മെട്രിക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും മറ്റ് വിദ്യാഭ്യാസ പദ്ധതികളും ഉടനടി പുനരുജ്ജീവിപ്പിക്കണം. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഈ സ്‌കോളര്‍ഷിപ്പില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. കൂടാതെ ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ച് എല്ലാ വിഭാഗങ്ങള്‍ക്കിടയിലും വിവേചനം ഇല്ലെന്ന് ഉറപ്പാക്കാണം.

9. തെറ്റായ വിവരണങ്ങള്‍ നല്‍കിയും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെ പുസ്തകങ്ങളിലും മറ്റും ചരിത്രം വളച്ചൊടിക്കുന്നത് ഒഴിവാക്കണം. ചരിത്രപരമായി അറിയപ്പെടുന്ന പഴയ നഗരങ്ങളുടെയും ചരിത്രപ്രധാനമായ സ്ഥലങ്ങളുടെയും പേരുമാറ്റുന്നത് അവസാനിപ്പിക്കണം.

10. സംസ്ഥാന ഗവര്‍ണര്‍മാരുടെ ഓഫീസുകള്‍ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം.

11. 1991-ലെ ആരാധനാലയങ്ങളുടെ നിയമത്തെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കണം. നിയമം അതിന്റെ അക്ഷരത്തിലും ആത്മാവിലും നടപ്പാക്കുന്നത് ഉറപ്പാക്കി അനാവശ്യ ആരധനാ തര്‍ക്കങ്ങള്‍ ഇല്ലാതാക്കണം.

12. രാജ്യത്തുടനീളം ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തണം. ഇത് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയും സൂക്ഷ്മതല ആസൂത്രണവും ഉറപ്പാക്കാന്‍ അനിവാര്യമാണ്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ തൊണ്ണൂറ് വര്‍ഷം പഴക്കമുള്ള ഡാറ്റ പിന്തുടരുന്നതിനാല്‍, സമൂഹത്തിലെ പിന്നാക്കക്കാര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും വേണ്ടി സമഗ്രമായ വികസന നയങ്ങളും പദ്ധതികളും രൂപപ്പെടുത്തുന്നതില്‍ പാളിച്ചയുണ്ടാവുന്നു.

webdesk14: