X

ഒരു മുസ്ലിമിന്റെ സ്വതന്ത്രലോകം എത്രമാത്രം കുടുസാണ്? അവരുടെ സ്വപ്നത്തിന്റെ പരിമിതിയെത്രയാണ്?

ചന്ദ്രിക ആഴ്ചപ്പതിപ്പ് സബ് എഡിറ്റര്‍ പി.എം ജയന്റെ കുറിപ്പ് ഇങ്ങനെ:

ഐ.ബിയും കേരളാപൊലീസും
പിന്നെ യു.എ.പി.എയും

ഇന്ത്യയിലെ പ്രമാദമായ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കഴിഞ്ഞ 10 വര്‍ഷമായി വിചാരണപോലും പൂര്‍ത്തിയാകാതെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍(കര്‍ണാടക) കിടക്കുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയ, കണ്ണൂര്‍ സ്വദേശി ഷമീര്‍ എന്നിവരെ കാണാന്‍ പോയത് 2014 ജൂണിലായിരുന്നു….ഇരുവര്‍ക്കെതിരെയും യു.എ.പി.എ ചുമത്തിയിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകനായിട്ടുകൂടി യു.എ.പി.എ ചുമത്തപ്പട്ട ഇത്തരം രാജ്യദ്രോഹക്കേസുകളെക്കുറിച്ച് നേരിയ മുന്‍വിധികള്‍ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അതുവരെ ഞാനും….’തീയില്ലാതെ പുകയുണ്ടാകുമോ..’എന്ന സാമാന്യയുക്തി എന്നെയും ഭരിച്ചിരുന്നു. (മാവോയിസ്റ്റ് മുദ്രാവാക്യം വിളിച്ചില്ലേ, ലഘുലേഖ കിട്ടിയില്ലേ, വേറെ എത്രപേരുണ്ടിവിടെ, അവരെത്തന്നെ പിടിച്ചതെന്താ,എന്തെങ്കിലും ബന്ധമുണ്ടാകില്ലേ എന്ന അലന്‍സമദ് കേസില്‍ തോന്നുന്ന ഭൂരിപക്ഷയുക്തി) അതുകൊണ്ടുതന്നെ ഇത്തരം കേസില്‍ അമിത താല്‍പര്യമെടുത്തിരുന്ന സുഹൃത്തുക്കളായ ചില ആക്ടിവിസ്റ്റുകളെ സംശയത്തോടെയാണ് ഞാനും അതുവരെ കണ്ടിരുന്നത്….ബംഗളൂരു കേസില്‍ സക്കരിയയുടെയും ഷമീറിന്റെയും പങ്കെന്ത് എന്തുകൊണ്ട് വിചാരണ ഇത്രയും നീണ്ടുപോകുന്നു എന്ന കാര്യം വിശദമായി അന്വേഷിച്ച് ഒരു സ്‌പെഷ്യല്‍ ‘യു.എ.പി.എ വിരുദ്ധ പതിപ്പി’ന്റെ അസൈന്റ്‌മെന്റ് ഞാനേറ്റെടുക്കുകയായിരുന്നു. കേന്ദ്ര രഹസ്യാന്വേഷണവിഭാഗമായ ഐ.ബി ഫ്രെയിം ചെയ്ത അത്തരം കേസുകളെസംബന്ധിച്ച് ഇറങ്ങിയ പുസ്തകങ്ങള്‍, നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് പലരും ചെയ്ത വര്‍ക്കുകള്‍, രാജീവ് വധക്കേസില്‍ ഇപ്പോഴും ജയിലില്‍ കഴിയുന്ന പേരറിവാള്‍ എഴുതിയ പുസ്തകം എന്നിവ വായിച്ചുതുടങ്ങി. സമഗ്രത കിട്ടുന്നതിന് ഈ രണ്ടുപേരുടെയും വീട് സന്ദര്‍ശിക്കുകയും ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവരുമായി സംസാരിക്കുകയും ചെയ്തു. സക്കരിയയുടെ ഉമ്മയും ഷമീറിന്റെ ഭാര്യയുമായിരുന്നു അതില്‍ പ്രധാനികള്‍. ബംഗളൂരുവിലെ അവരുടെ വക്കീലിനെയും സാക്ഷികളെയുമൊക്കെ കണ്ടു. അതിനുശേഷമാണ് ഷമീറിന്റെ ജ്യേഷ്ഠനോടൊപ്പം അഗ്രഹാര ജയിലിലേക്ക് പുറപ്പെട്ടത്. ഇതിനകം ഞാനെന്ന വ്യക്തിയുടെ, പ്രത്യകിച്ച് ഹിന്ദുസമുദായത്തില്‍ ജനിച്ചയാളുടെ പ്രിവിലേജ് വര്‍ത്തമാന ഇന്ത്യന്‍ വ്യവസ്ഥിതിയില് എത്ര ഉയര്‍ന്നതാണെന്നും ഒരു മുസ്ലീമിന്റെ സ്വതന്ത്രലോകം എത്രമാത്രം കുടുസാണെന്നും അവരുടെ സ്വപ്‌നങ്ങളുടെ പരിമിതി എത്രയാണെന്നുമുള്ള തീവ്രയാഥാര്‍ത്ഥ്യം എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു. പോരാത്തതിന് രണ്ടു പ്രതികളുടെയും വീട്ടില്‍നിന്നുണ്ടായ അത്യധികം ദീനതയാര്‍ന്ന അനുഭവങ്ങളും എന്നെ ഉലച്ചിരുന്നു.(അലന്റെയും സമദിന്റെയും ഉമ്മമാരുടെ വേദനയേക്കാള്‍ തീവ്രതയുണ്ടായിരുന്നു അതിന്)ആയതിനാല്‍ കടുത്ത മാനസിക സംഘര്‍ഷം പേറിക്കൊണ്ടുതന്നെയാണ് ജയിലിലേക്ക് പോയത്.
2009ല്‍ 19ാം വയസ്സില്‍ പിടിച്ചുകൊണ്ടുപോയതാണ് സക്കരിയയെ. 2012 ജനുവരിയിലാണ് ഷമീര്‍ അറസ്റ്റിലാകുന്നത്.രണ്ടുപേരും യു.എ.പി.എ ചുമത്തപ്പെട്ടവര്‍. ഇരുവരുടെയും വിചാരണ ഇതുവരെ പൂര്‍ത്തിയാകാത്തതിനാല്‍ അവര്‍ ചെയ്ത കുറ്റമെന്തെന്ന് ഇപ്പോഴും അവര്‍ക്കുപോലും വ്യക്തമല്ല…ഏറെ സങ്കീര്‍ണവും ദുരൂഹവുമാണ് കേസിന്റെ നാള്‍വഴികള്‍. തെളിവുകളുടെ അഭാവം നന്നായി കണ്ടെത്താന്‍ കഴിയും. കേസിലേക്ക് ഇവരെ ഫ്രെയിം ചെയ്‌തെടുത്തതാണെന്ന് അതിലൂടെ സഞ്ചരിക്കുന്ന ആര്‍ക്കും ബോധ്യമാകും.(ഇവരുടെ വക്കീലില്‍നിന്നും പൊലീസ് ഉള്‍പ്പെടുത്തിയ സാക്ഷിയില്‍നിന്നും ലഭിച്ച വിവരത്തിന്റെകൂടി അടിസ്ഥാനത്തില്‍) മഴതോര്‍ന്നിട്ടും മരം പെയ്യുന്നപോലെ ആഴ്ചപ്പതിപ്പിലെ എഴുത്ത് കഴിഞ്ഞിട്ടും ഏറെക്കാലം ഈ രണ്ടു ചെറുപ്പക്കാരുടെയും അവരുടെ കുടുംബത്തിന്റെയും തീവ്രവേദന വലിയ ഭാരമായി എന്റെ നെഞ്ചിലുണ്ടായിരുന്നു. വീണ്ടും യു.എ.പി.എയില്‍ സക്കരിയയെപ്പോലെ രണ്ട് ഇളം വിദ്യാര്‍ത്ഥികള്‍ മാവോയിസ്റ്റ് എന്ന പേരില്‍ ജയിലിലേക്ക് കടക്കുമ്പോള്‍ അവരുടെ ബന്ധുക്കളുടെ കണ്ണീര് കാണുമ്പോള്‍ ആ ഭാരം വീണ്ടും വന്നുചേരുന്നു. അവര്‍ക്കെതിരായ തെളിവുകളുടെ ഘോഷയാത്ര ലഘുലേഖയായും മിനിട്‌സായും ഫോട്ടോകള്‍ ആയും വരുമ്പോള്‍ യു.എ.പി.എയുടെ കെട്ടിച്ചമക്കല്‍ വൈദഗ്ധ്യം വീണ്ടും വീണ്ടും പേടിപ്പെടുത്തുന്നു….. സുഹൃത്തുക്കളേ ഈ നിയമത്തിന്റെ അകത്തുനിന്നു ഏറെക്കാലത്തെ അലച്ചിലിനുശേഷം രക്ഷപ്പെട്ട നദി എന്ന ചെറുപ്പക്കാരന്റെ പീഡാനുഭവം അവനെഴുതിയിട്ടുണ്ട്. വകഞ്ഞുമാറ്റുമ്പോഴും വീണ്ടും വീണ്ടും മുളയക്കുന്ന രാവണന്‍കോട്ടയാണ് യു.എ.പി.എ. രക്ഷപ്പെട്ടു എന്ന് കരുതുമ്പോഴേക്കും പുതിയ പുതിയ കുരുക്കുകള്‍ തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ആ കരിനിയമം നിങ്ങളുടെ ഓരോരുത്തരുടെയും വീട്ടിലേക്ക് എത്തിയാലോ ആ അനുഭവങ്ങള്‍ സ്വാനുഭവമായി ഉള്‍ക്കൊണ്ടാലോ മാത്രമേ അതിന്റെ മനുഷ്യത്വവിരുദ്ധത കരാളത എത്രയാണെന്ന് അറിയൂ. ആയതിനാല്‍ ഐ.ബിയുടെ തിരക്കഥയെ വെല്ലുന്ന തരത്തില്‍ കേരളപൊലീസ് കാര്യങ്ങള്‍ നീക്കുമ്പോള്‍ അതിലേക്ക് വീണുപോകാതിരിക്കുക….വായിക്കുന്ന, പ്രതികരിക്കുന്ന നാമോരുരത്തരും അത്തരം കേസുകളിലേക്ക് നടന്നടുക്കുകയാണെന്ന ബോധ്യത്തില്‍ ജീവിക്കുക. യൗവനത്തിന്റെ സ്വാഭാവിക തിളപ്പിനെ വായനയെ തീപിടിക്കുന്ന അന്വഷണത്വരയെ തടവറയിലിട്ട് പരുവപ്പെടുത്തി എന്ത് ലോകമാണ് നാം സൃഷ്ടിക്കാന്‍ പോകുന്നത്?.

ഇതിവിടെ കുറിക്കാന്‍ ഒന്നാമത്തെ കാരണം യു.എ.പി.എ എന്ന നിയമത്തെക്കുറിച്ച് അതിന്റെ അമിതാധികാരം ഉപയോഗിച്ച് അന്വേഷണോദ്യോഗസ്ഥര്‍ക്ക് എന്തൊക്കെ ചെയ്യാം എന്നതിനെക്കുറിച്ച് പ്രാഥമികധാരണയില്ലാത്ത പലരും കോഴിക്കോട്ടെ രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തപ്പോള്‍ ലാഘവത്തോടെ പ്രതികരിക്കുന്നത് കണ്ടതിനാലാണ്. പോലീസ് ഭാഷ്യം അപ്പടി പകര്‍ത്തുന്ന ചില മാധ്യമറിപ്പോര്‍്ട്ടുകള്‍ കണ്ടതിനാലാണ്.

രണ്ടാമത് യു.എ.പി.എ ചുമത്തപ്പെട്ട് അനീതിക്ക് പാത്രമായ എത്രയോപേര്‍ ഇന്ത്യന്‍ ജയിലുകളില്‍ വിചാരണപോലും തീരാതെ തടവുകാരായി കഴിയുന്നുണ്ട് എന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ്.

മൂന്നാമത് നീണ്ട കാലം ജയിലിനകത്ത് ജീവിതം ഹോമിച്ച് തീര്‍ത്ത് വിചാരണയ്ക്ക് ശേഷം നിരപരാധിയാണെന്ന് കണ്ട് പുറത്തിറങ്ങുന്നവരുടെ അനന്തരജീവിതം ഓര്‍ത്തെടുക്കാനാണ്്.

നാലാമത് ഒരു സുപ്രഭാതത്തില്‍ ജയില്‍ ചാടുന്നതിനിടെ/ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തകളിലേക്ക് ഓര്‍മയെ ആനയിക്കാനാണ്…

അഞ്ചാമത് കമ്യൂണിസ്റ്റ് കുടുംബപശ്ചാത്തലം എന്നതിലുപരി അലനും സമദും മുസ്്‌ലീം നാമധാരികളായത് ചിലപ്പോള്‍ യാദൃശ്ചികമാകാമെങ്കിലും സംഘപരിവാര്‍ ഭരണകാലത്തെ കേരളപൊലീസും ഐ.ബിയുടെ സ്‌ക്രിപ്റ്റിങ്ങില്‍നിന്ന് വേറിട്ടുനില്‍ക്കാന്‍ സാധ്യതയല്ലാത്തതാണ് എന്ന് ഓര്‍മിപ്പിക്കാനാണ്.

web desk 1: