X

യുവജനയാത്ര നഗരത്തിലേക്ക്; മലബാറിന്റെ മഹാസമ്മേളനത്തിനൊരുങ്ങി കോഴിക്കോട്

കോഴിക്കോട്: യുവജനയാത്രയുടെ മഹാ സ്വീകരണ സമ്മേളനത്തിനൊരുങ്ങി മുസ്‌ലിം ലീഗ് മലബാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ കോഴിക്കോട്. മുസ്‌ലിം യൂത്ത്‌ലീഗ് യുവജനയാത്രയുടെ കോഴിക്കോട് ജില്ലാ പര്യടനത്തിന്റെ സമാപനം കുറിച്ചാണ് വൈകി കോഴിക്കോട് നടക്കുന്ന സമ്മേളനം. സമാപന സമ്മേളനത്തോടനുബന്ധിച്ച് അല്‍പ സമയത്തിനകം നഗരത്തില്‍ വൈറ്റ് ഗാര്‍ഡ് പരേഡും നടക്കും.

രാവിലെ കുന്ദമംഗലം പതിമംഗലത്ത് നിന്നാരംഭിക്കുന്ന യാത്ര വെള്ളിമാടുകുന്നില്ലേക്കും തുടര്‍ന്ന് ഉച്ച കഴിഞ്ഞ് വെള്ളിമാടുകുന്ന് നിന്നും ആരംഭിക്കുന്ന യാത്ര എരഞ്ഞിപ്പാലം -നടക്കാവ് വഴി കടപ്പുറത്ത് സമാപിക്കും. ക്രിസ്ത്യന്‍ കോളജ് പരിസരത്ത് നിന്നും വൈറ്റ് ഗാര്‍ഡ് പരേഡിന്റെ അകമ്പടിയോട് കൂടിയാണ് കടപ്പുറത്തെ സ്വീകരണ സമ്മേളനത്തിലേക്ക് വരവേല്‍ക്കുക.

കടപ്പുറത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോണ്‍ഗ്രസ് രാജ്യസഭാ പാര്‍ട്ടി ലീഡര്‍ ഗുലാംനബി ആസാദ്, ഡി.എം. കെ.അദ്ധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, മുസ്്‌ലിംലീഗ് ദേശീയ പ്രസിഡന്റ്് പ്രൊഫ. കെ.എം ഖാദര്‍മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ഡോ. എം.കെ.മുനീര്‍, കെ.എം.ഷാജി എം.എല്‍.എ സംസാരിക്കും.

യുവജന യാത്രയുടെ കോഴിക്കോട് ജില്ലയിലെ അവസാന ദിവസമായ ഇന്നത്തെ പര്യടനം ആരംഭിച്ചത് ജാഥാ ഉപനായകന്‍ പി.കെ ഫിറോസിന്റെ ജന്മ നാടായ പതിമംഗലത്ത് നിന്നാണ്. അധിനിവേശ ശക്തികളെ പോരാട്ടവീര്യം കൊണ്ട് വിറപ്പിച്ച ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തിന് സാക്ഷ്യം വഹിച്ച മണ്ണിലൂടെ നടക്കുന്ന യാത്രയെ വരവേല്‍ക്കാന്‍ ഉജ്വലമായ ഒരുക്കങ്ങളാണ് പ്രദേശങ്ങളിലെല്ലാം നടത്തിയിരിക്കുന്നത്. ജാഥ ആരംഭിക്കുന്ന പതിമംഗലം മുതല്‍ സമാപന സമ്മേളനം നടക്കുന്ന കോഴിക്കോട് ബീച്ച് വരെ ദേശീയ പാതയുടെ ഇരുവശങ്ങളും ഹരിതവര്‍ണം പുതച്ചിരിക്കുകയാണ്. യാത്രക്കുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കുന്ദമംഗലം മണ്ഡലം മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊടുവള്ളി, തിരുവമ്പാടി, കുന്ദമംഗലം, ബേപ്പൂര്‍, എലത്തൂര്‍, കോഴിക്കോട് സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത അയ്യായിരത്തോളം വരുന്ന വളണ്ടിയര്‍മാര്‍ ജാഥയില്‍ അണിനിരന്നു.
യൂത്ത് ലീഗ് ആസ്ഥാ മന്ദിരത്തിന് പഞ്ചായത്ത് കമ്മറ്റികള്‍ സ്വരൂപിച്ച ഫണ്ട് ചടങ്ങില്‍ കൈമാറും. കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ഇരുന്നൂറോളം വരുന്ന വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ അടിയന്തിര സന്നദ്ധ പ്രവര്‍ത്തനത്തിന് സജ്ജരായതായും കെ.മൂസ മൗലവി, ഖാലിദ് കിളി മുണ്ട, എം.ബാബുമോന്‍, ഒ. എം നൗഷാദ്, ജാഫര്‍ സാദിഖ്, ഒ.സലീം, എന്‍.എം യൂസുഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

chandrika: