പ്രസവിച്ചതിന്റെ മൂന്നാംദിവസം ഇരുപത്തൊന്നുകാരിയുടെ ചോരക്കുഞ്ഞിനെ രാഷ്ട്രീയ-ഭരണ സംവിധാനങ്ങളുടെ ഒത്താശയോടെ കടത്തിക്കൊണ്ടുപോയി ഇതരസംസ്ഥാനക്കാര്‍ക്ക് ദത്തുകൊടുത്തതിന്റെപേരില്‍ തലതാഴ്ത്തി നില്‍ക്കുകയാണിപ്പോള്‍ പ്രബുദ്ധ കേരളം. അതേദിവസങ്ങളില്‍ തന്നെയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് ഇരുപത്തൊന്നുകാരിയുടെ നേര്‍ക്ക് ലൈംഗികാതിക്രമവും വധശ്രമവും ഉണ്ടായെന്ന അതീവ ദു:ഖവാര്‍ത്തയും കേള്‍ക്കേണ്ടിവന്നിരിക്കുന്നത്. ശരാശരി മലയാളിയുടെ സാംസ്‌കാരിക ബോധ നിലവാരത്തിനെന്തുപറ്റിയെന്ന ചോദ്യത്തിന് സമൂഹവും പൊലീസും സര്‍ക്കാര്‍ വകുപ്പുകളുമെല്ലാം ഉത്തരം പറയേണ്ട ഘട്ടമാണിത്. കൊണ്ടോട്ടിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുപത്തൊന്നുകാരിയുടെ നേര്‍ക്ക് പതിനഞ്ചുകാരന്‍ അതിക്രൂരമായി ലൈംഗികാക്രമണം നടത്തുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഭാഗ്യം കൊണ്ടുമാത്രമാണ് പെണ്‍കുട്ടിക്ക് ജീവന്‍ തിരിച്ചുകിട്ടിയതെന്നാണ് സംഭവത്തിന്റെ വിശദാംശങ്ങളും പെണ്‍കുട്ടിയുടെ ഗുരുതര പരിക്കുകളും നല്‍കുന്ന വിവരങ്ങള്‍. ഒരു കൗമാരക്കാരന് എങ്ങനെയാണ് പട്ടാപ്പകല്‍ അവനേക്കാള്‍ ആറുവയസ്സ് മുതിര്‍ന്ന കുട്ടിയോട് ഈ ക്രൂരത കാട്ടാന്‍ തോന്നിയതെന്നതിനുത്തരം ഇവിടുത്ത പൊലീസ്-ക്രമസമാധാന പാലനത്തിന്റെ വീഴ്ചകള്‍ തന്നെയാണെന്നതില്‍ സംശയമില്ല. മറ്റാരെങ്കിലും പിന്നിലുണ്ടായിരുന്നോ. പതിനഞ്ചുകാരനെ ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ തൊട്ടടുത്ത വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ അവന്റെ വീട്ടില്‍നിന്ന് പിടികൂടി അറസ്റ്റുചെയ്യുകയായിരുന്നു. ഒന്നര കിലോ മീറ്ററോളം പിന്തുടര്‍ന്നാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് മലപ്പുറം എസ്.പി പറയുന്നത്. പ്രതി പത്താം ക്ലാസുകാരനും ജൂഡോ ജില്ലാചാമ്പ്യനുമാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇരയെ തലയ്ക്ക് കല്ലുകൊണ്ട് കുത്തുകയും കഴുത്തില്‍ ഞെക്കുകയും ചെയ്തതായാണ് വിവരം. തന്റെ കാമപൂര്‍ത്തിക്ക് വശംവദയാകാത്തതിന്റെ രോഷമായിരിക്കാം അവനെകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചത്. ഇതൊരു കൗമാരക്കാരനില്‍ നിന്നാണുണ്ടായതെന്നത് റെയില്‍വെ ട്രാക്കില്‍ സൗമ്യയെ കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിയുടെ കുറ്റകൃത്യത്തേക്കാള്‍ ഗൗരവമര്‍ഹിക്കുന്നു.

ചെറിയതോതിലെങ്കിലും കുറ്റവാസന എല്ലാവരിലും ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് ക്രിമിനല്‍ ശാസ്ത്രം പറയുന്നത്. അതുകൊണ്ടുതന്നെ കൊണ്ടോട്ടി സംഭവത്തിലെ പ്രതിയിലും അതുണ്ടായതില്‍ അത്ഭുതപ്പെടേണ്ടതില്ല. അത്തരം ഹീനവാസനകളെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ജീവിത സാഹചര്യങ്ങളാണ് സത്യത്തില്‍ ഇതിന് കാരണം. കുട്ടികള്‍ കോവിഡ് കാലത്ത് അമിതമായി മൊബൈല്‍ഫോണുകളില്‍ മുഴുകുന്നുവെന്നത് ഇതിനകം സമൂഹമാകെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ഇക്കാലത്ത് സമൂഹത്തിലും കുടുംബങ്ങള്‍ക്കകത്തും ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമായിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനം മൊബൈല്‍ അനിവാര്യമാക്കിയതുപോലെ കുട്ടികളിലെ മൊബൈല്‍ ഉപയോഗം അവയിലെ ഇന്റര്‍നെറ്റ് അധിഷ്ഠിതസേവനത്തിന്റെ ദുരുപയോഗവും വര്‍ധിക്കാനിടയാക്കി. കുട്ടികളും കൗമാരക്കാരും എന്തെല്ലാമാണ് അതിലൂടെ കാണുന്നതെന്ന് ചിന്തിക്കാനോ പരിഹരിക്കാനോ ആവാത്തവിധം രക്ഷിതാക്കളുടെയും മുതിര്‍ന്നവരുടെയും ലോകം ഇടുങ്ങിയതും സംഘര്‍ഷഭരിതവുമാണിന്ന്. കുടുംബാംഗങ്ങള്‍ തമ്മിലെ അകല്‍ച്ചയും കുട്ടികളിലെ ക്രിമിനല്‍ വാസന ചിറകുവിരിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. അത്തരത്തിലൊരു സന്ദര്‍ഭത്തിലായിരിക്കണം കൊണ്ടോട്ടിയിലെ കൗമാരക്കാരനെയും അയല്‍വാസികൂടിയായ യുവതിയില്‍ തന്റെ ജൈവതൃഷ്ണ അടിച്ചേല്‍പിക്കാന്‍ പ്രേരിപ്പിച്ചിരിക്കുക. ഇവിടെ ദിവസങ്ങളോളം ഇരയെ കാത്തിരുന്നശേഷമാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന് ലഭിച്ച സൂചന.

ഡല്‍ഹിയിലും ചെറുതുരുത്തിയിലും പെരുമ്പാവൂരിലും വര്‍ഷങ്ങള്‍ക്കുമുമ്പ് തൃശൂരിലെ ചെന്ത്രാപ്പിന്നിയിലും നടന്നതുപോലുള്ള ലൈംഗികാതിക്രമങ്ങളും തത്ഫലമായ കൊലപാതകങ്ങളും വിരല്‍ചൂണ്ടുന്നത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇന്ത്യയില്‍ സുരക്ഷിതത്വം കുറവാണെന്നുതന്നെയാണ്. കേരളത്തില്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് ഭരിക്കുന്നതെങ്കിലും അവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. 2019ലെ കണക്കുപ്രകാരം ഇന്ത്യയില്‍ 40,000 കുട്ടിക്കുറ്റവാളികളുണ്ട്. ഇതില്‍ 70 ശതമാനവും 16നും18നും ഇടയിലുള്ളവരാണ്. പ്രായപൂര്‍ത്തിയാകാത്തവരുടെ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ജുവനൈല്‍ ബോര്‍ഡുകളാണ് രാജ്യത്തുള്ളത്. കുട്ടികളാണെങ്കിലും അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് മുതിര്‍ന്നവര്‍ക്ക് തുല്യമായ ശിക്ഷയാണ് 2015ലെ ശിശുനീതിനിയമം നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. കൊണ്ടോട്ടി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസും സര്‍ക്കാരും കോവിഡാനന്തര സാഹചര്യംകൂടി പരിഗണിച്ചുകൊണ്ടുള്ള കരുതല്‍ നടപടികളിലേക്ക് നീങ്ങണം. മൊബൈല്‍ ഗെയിമുകളിലും മറ്റും അടിമകളായ കുട്ടികളെമാനസികമായി പൂര്‍വാവസ്ഥയിലേക്കെത്തിക്കുന്നതിനായി സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കൗണ്‍സലിംഗ് നടപടികളും ആരംഭിക്കണം. കൊണ്ടോട്ടിയിലെ കുറ്റവാളി ആരായാലും മതിയായ ശിക്ഷ അധികം വൈകാതെ നല്‍കിയേ മതിയാകൂ. അല്ലെങ്കിലത് സമൂഹത്തിനും കുട്ടിക്കുറ്റവാളികള്‍ക്കും തെറ്റായസന്ദേശമാകും നല്‍കുക.