ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും വീണ്ടും കനത്ത തിരിച്ചടി. തെലുങ്കാന നേതാവും മുന്‍മന്ത്രിയും ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ നാഗം ജനാര്‍ദ്ദന്‍ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു.

തെലുങ്കാന രാഷ്ട്രീയ സമിതി നേതൃത്വം നല്‍കുന്ന സര്‍ക്കാറിനോട് ബി.ജെ.പി മൃദു സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ജനാര്‍ദ്ദന റെഡ്ഡി കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ പാര്‍ട്ടി പ്രവേശനം. ഇദ്ദേഹത്തൊടൊപ്പം തെലുങ്കാന നേതാവായ സൂര്യ കിരണും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

2014 ല്‍ മഹബൂബ്‌നഗര്‍ ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച ജനാര്‍ദന്‍ റെഡ്ഡി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടിരുന്നു. ഇതോടെ രാഷ്ട്രീയത്തില്‍ അദേഹത്തിന്റെ പ്രസക്തിക്ക് മങ്ങലേറ്റതായി പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു.

ടിഡിപിയുടെ മുതിര്‍ന്ന നേതാവായിരുന്ന ജനാര്‍ദന്‍ റെഡ്ഡി 2013ലാണ് ബിജെപിയില്‍ ചേര്‍ന്നത്. അഞ്ച് തവണ നാഗര്‍കുര്‍ന്നൂല്‍ എംഎല്‍എയായിരുന്നു ജനാര്‍ദന്‍ റെഡ്ഡി.

ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധമില്ലാത്ത തെലുങ്കാന രാഷ്ട്ര സമിതി സര്‍ക്കാറിനെ താഴെയിറക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ജനാര്‍ദ്ദന റെഡ്ഡി പറഞ്ഞു.