X

56 ഇഞ്ച്കാരനായ ബോക്‌സര്‍ സ്വന്തം കോച്ചിന്റെ മുഖത്തിടിച്ച് മത്സരം അവസാനിപ്പിച്ചെന്ന് രാഹുല്‍

ഭിവാനി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോക്‌സറോട് ഉപമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 56ഇഞ്ചുകാരന്‍ ബോക്‌സര്‍ തൊഴിലില്ലായ്മക്കെതിരെ പോരാടാന്‍ റിങ്ങില്‍ ഇറങ്ങുകയും മത്സരത്തിനൊടുവില്‍ കോച്ചായ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ മുഖത്തിടിക്കുകയുമായിരുന്നെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ഗുസ്തി നഴ്‌സറി എന്നറിയപ്പെടുന്ന ഭിവാനിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ മോദിയെ ബോക്‌സറോട് ഉപമിച്ചത്. ബോക്‌സിങ് താരം വിജേന്ദര്‍ സിങാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

56 ഇഞ്ചിന്റെ നെഞ്ചളവുകാരനാണെന്ന നാട്യവുമായി തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നം, അഴിമതി മറ്റുവിഷയങ്ങള്‍ എന്നിവക്കെതിരെ പൊരുതാനായാണ് മോദി ഗോദയില്‍ ഇറങ്ങിയത്. എന്നാല്‍ സ്വന്തം കോച്ചിനെ തന്നെ മുഖത്തിടിക്കാന്‍ മാത്രമേ അദ്ദേഹത്തിന് സാധിച്ചുള്ളൂവെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യയിലെ പാവപ്പെട്ടവരേയും താഴെക്കിടയിലുള്ളവരേയും, കര്‍ഷകരേയും ഇടിച്ചിട്ട ബോക്‌സറെ ഇനി വേണ്ടെന്നാണ് ജനം പറയുന്നതെന്നും രാഹുല്‍ പറഞ്ഞു. ആര്‍ക്കെതിരെയാണ് പോരാടുന്നതെന്ന കാര്യം പോലും ഇപ്പോള്‍ 56 ഇഞ്ചുകാരന് അറിയില്ലെന്നും പറഞ്ഞ രാഹുല്‍ മോദി രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

കോച്ചായ അദ്വാനിയെ ഇടിച്ചിട്ട മോദി പിന്നീട് ചെറുകിട കച്ചവടക്കാരെ ഗബ്ബര്‍ സിങ് ടാക്‌സ് വഴി (ജി.എസ്.ടി) ഇടിച്ചിട്ടു, ബോക്‌സര്‍ പ്രധാനമന്ത്രി അവിടേയും അവസാനിപ്പിച്ചില്ല പിന്നീട് വിളകളുടെ തറ വില കൂട്ടണമെന്നാവശ്യപ്പെട്ട കര്‍ഷകര്‍ക്കെതിരെയായിരുന്നു അടുത്ത പഞ്ച്. ആര്‍ക്കെതിരെയാണ് പോരാടുന്നതെന്ന് അറിയാതെയുള്ള ബോക്‌സിങുകാരന്റെ പ്രകടനം കണ്ട് ജനം അമ്പരന്ന് നില്‍ക്കുകയാണ്. ഇപ്പോള്‍ പുറത്താകുമെന്ന് ഉറപ്പായപ്പോള്‍ വായുവില്‍ ഇടിക്കുകയാണ് മോദിയെന്നും രാഹുല്‍ പറഞ്ഞു.

chandrika: