ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധന നീക്കത്തില്‍ പ്രതിഷേധിച്ച് രാജ്യ വ്യാപകമായി ബന്ദിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. 500,1000 നോട്ടുകള്‍ പിന്‍വലിച്ച നടപടി സമസ്ത മേഖലയേയും പ്രതിസന്ധിയിലാക്കിയതായി പ്രതിപക്ഷം വ്യക്തമാക്കുന്നു. ഡിസംബര്‍ ആദ്യ വാരത്തില്‍ ബന്ദ് സംഘടിപ്പിക്കാനണ് ആലോചിക്കുന്നത്. ഡിസംബര്‍ മാസത്തെ ശമ്പളം ലഭിച്ചതിനുശേഷമായിരിക്കും ബന്ദടക്കമുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

കള്ളപ്പണവും കള്ളനോട്ടും തടയാനാണ് നോട്ടുകള്‍ പിന്‍വലിച്ചതെന്നാണ് മോദി വ്യക്തമാക്കുന്നത്. എന്നാല്‍ ദുരിതം സാധാരണക്കാര്‍ക്കാണെന്നും അവരാണ് ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്ക് മുന്നിലും വരിനില്‍ക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നു. ഇത്തരം തലതിരിഞ്ഞ പരിഷ്‌കരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ് വരുത്തിവെക്കുന്നത്. നോട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ മമത ബാനര്‍ജിയും അരവിന്ദ് കെജരിവാളും രംഗത്ത് എത്തിയിരുന്നു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കോണ്‍ഗ്രസും നോട്ട് നിരോധന നീക്കത്തെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇതു സംബന്ധിച്ച് നിരവധി തവണ സഭകള്‍ തടസപ്പെട്ടിരുന്നു. നോട്ട് നിരോധനം ഫലപ്രദമായല്ല നടപ്പിലാക്കിയതെന്ന് സര്‍ക്കാറിനുള്ളില്‍ തന്നെ വിമര്‍ശനമുണ്ട്. അതേസമയം വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടി മോദി രംഗത്ത് എത്തിയിട്ടുണ്ട്. ജനങ്ങളുടെ ദുരിതം തീരുന്നില്ല എന്ന് മനസിലാക്കിയാണ് മോദി തന്നെ രംഗത്ത് എത്തിയതെന്ന് വിലയിരുത്തുന്നു. ഇത് ഫലപ്രദമായി മുതലെടുക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്.