india

രാജ്യ തലസ്ഥാനം ഇന്ന് പോളിങ് ബൂത്തിലേക്ക്; 70 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 699 സ്ഥാനാര്‍ഥികള്‍

By webdesk13

February 05, 2025

ഡല്‍ഹി ഇന്ന് പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 70 സീറ്റുകളിലായി 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 1.56 കോടി വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 13,766 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അരവിന്ദ് കെജ്‌രിവാള്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്. അധികാര തുടര്‍ച്ച ലക്ഷ്യം വെച്ച് ആം ആദ്മി പാര്‍ട്ടി പോരാട്ടത്തിന് ഇറങ്ങുന്നത്.

ശക്തമായ ത്രികോണമത്സരം നടക്കുന്ന ഡല്‍ഹിയില്‍ വന്‍ വിജയം ആവര്‍ത്തിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം. അട്ടിമറിയാണ് കോണ്‍ഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. അതേസമയം അരവിന്ദ് കെജ്‌രിവാള്‍ എന്ന ഒറ്റ വ്യക്തിയില്‍ കേന്ദ്രീകരിച്ച് ആയിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം. സൗജന്യ പ്രഖ്യാപനങ്ങള്‍ തന്നെയായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ ആയുധം. യമുനയില്‍ ബിജെപി വിഷം കലര്‍ത്തുന്നു എന്നതടക്കമുള്ള ഗൗരവതരമായ നിരവധി ആരോപണങ്ങള്‍ കെജ്‌രിവാള്‍ ഉയര്‍ത്തി.

മദ്യനയ അഴിമതി, കെജ്‌രിവാളിന്റെ ആഡംബര ബംഗ്ലാവ് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തുകയും, കൂടുതല്‍ സൗജന്യ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചും ആണ് കോണ്‍ഗ്രസും ബിജെപിയും ആം ആദ്മി പാര്‍ട്ടിയെ നേരിട്ടത്. ഇതിന് പുറമേ ബജറ്റിലെ ആദായനികുതി ഇളവ് പ്രഖ്യാപനം ഡല്‍ഹിയിലെ വോട്ടര്‍മാരെ സ്വാധീനിച്ച പ്രതീക്ഷയിലാണ് ബിജെപി. അതേസമയം ദലിത് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് മുന്നോട്ടുപോയത്.