X

ബിഹാറിൽ സ്പീക്കറെ നീക്കാൻ അവിശ്വസ പ്രമേയവുമായി എൻഡിഎ സർക്കാർ

ബിഹാറിൽ അധികാര മാറ്റത്തിന് പിന്നാലെ സ്പീക്കറെ നീക്കാൻ അവിശ്വസ പ്രമേയവുമായി എൻഡിഎ സർക്കാർ. ആർജെഡി നേതാവ് അവാധ് ബിഹാരി ചൗധരിക്കെതിരെയാണ് നീക്കം. ഇത് സംബന്ധിച്ച് നിയമസഭ സെക്രട്ടറിക്ക് എംഎൽഎമാർ നോട്ടീസ് നൽകി. നിലവിലെ സാഹചര്യത്തിൽ 128 എംഎൽഎമാരുടെ പിന്തുണയുള്ള സർക്കാരിന് അനായാസം സ്പീക്കറെ നീക്കാൻ സാധിക്കും. അതേസമയം മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ആദ്യ മന്ത്രിസഭ യോഗം ബിഹാറിൽ ചേർന്നു.

ആർജെഡിയും കോൺഗ്രസും ഇടത് പാർട്ടികളും അടങ്ങുന്ന പ്രതിപക്ഷവും നീക്കങ്ങൾ തുടരുകയാണ്. മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ പാർട്ടി ഹിന്ദുസ്ഥാനി അവാം മോച്ചയെ ഇൻഡ്യ മുന്നണിയിൽ എത്തിക്കാനാണ് നീക്കം. മുഖ്യമന്ത്രി സ്ഥാനം ജിതൻ റാം മാഞ്ചിക്ക് സഖ്യം ഓഫർ ചെയ്തു. നിലവിൽ എൻഡിഎയുടെ ഭാഗമാണ് എച്ച് എ എം. എന്നാൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയുമായി സമ്പർക്കം തുടരുന്നു എന്നാണ് വിവരം.

രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിൽ പര്യടനം ആരംഭിച്ചു. കിഷൻഗഞ്ചിൽ എത്തിയ യാത്രയെ നേതാക്കാൾ സ്വീകരിച്ചു. പൊതുസമ്മേളനത്തിൽ നിതീഷ് കുമാറിനെ വിമർശിക്കാതെ ബിജെപിയേയും ആർഎസിഎസിനേയും രാഹുൽ കടന്നാക്രമിച്ചു.

‘വിദ്വേഷത്തിൻ്റെയും അക്രമത്തിൻ്റെയും പ്രത്യയശാസ്ത്രമാണ് ബിജെപി രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചത്. അതിനെതിരെ നമ്മൾ സ്നേഹത്തിൻ്റെ പ്രത്യയശാസ്ത്രം കൊണ്ടുവന്നു. വെറുപ്പിന് വിദ്വേഷത്തെ നശിപ്പിക്കാൻ കഴിയില്ല. സ്നേഹത്താൽ മാത്രമേ വിദ്വേഷത്തെ നശിപ്പിക്കാൻ കഴിയൂ.

വിദ്വേഷത്തിലൂടെ രാജ്യത്തെ വിഭജിക്കുന്നതിനെക്കുറിച്ചാണ് ബിജെപി-ആർഎസ്എസുകാർ സംസാരിക്കുന്നത്, ഞങ്ങൾ സ്‌നേഹത്തെക്കുറിച്ചാണ് സംസാരിക്കുന്നത്,’ രാഹുൽ ​ഗാന്ധി പറഞ്ഞു. ഇൻഡ്യ സഖ്യത്തിലെ മറ്റ് പാർട്ടികളെ യാത്രയിൽ അണിനിരത്തി ശക്തി കാണിക്കാനാണ് കോൺഗ്രസ് നീക്കം.

webdesk13: