X

‘ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്ത് അക്രമവും വെറുപ്പും പ്രചരിപ്പിക്കുന്നു’: രാഹുൽ ഗാന്ധി

ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്ത് അക്രമവും വെറുപ്പും പ്രചരിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ ആശയങ്ങള്‍ രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുന്നതിനാലാണ് കോണ്‍ഗ്രസ് സ്‌നേഹത്തിന്റെ കട തുറന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വെറുപ്പിന്റെ അങ്ങാടിയില്‍ സ്‌നേഹം പ്രചരിപ്പിക്കുകയാണ് തന്റെ യാത്രയുടെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബീഹാറിലെ കിഷന്‍ഗഞ്ചില്‍ ഒരു പൊതുയോഗത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പുതിയ കാഴ്ചപ്പാടും പ്രത്യായശാസ്ത്രവും രാജ്യത്തിന് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

‘ഈ യാത്രയുടെ ഉദ്ദേശം എന്താണെന്ന് ഒരുപാട് ആളുകള്‍ എന്നോട് ചോദിച്ചു. അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞത് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആശയങ്ങള്‍ രാജ്യത്ത് വിദ്വേഷം പടര്‍ത്തുകയാണ്. ഒരു മതം മറ്റൊരു മതവുമായി യുദ്ധം ചെയ്യുന്നു. അത്‌കൊണ്ടാണ് ഞങ്ങള്‍ സ്‌നേഹത്തിന്റെ കട തുറന്നത്. വെറുപ്പാണ് ഇപ്പോള്‍ നമ്മുടെ രാഷ്ട്രീയത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്,’രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ യാത്ര ഇന്ത്യയുടെ സമകാലിക രാഷ്ട്രീയത്തില്‍ വളരെ വലിയ സ്വാധീനമാണ് ചെലുത്തിയത്. ഞങ്ങള്‍ പുതിയൊരു കാഴ്ചപ്പാടും പ്രത്യായശാസ്ത്രവും നല്‍കി. അതാണ് മുഹബ്ബത്ത് (സ്‌നേഹം). ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം. രാജ്യത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന അഞ്ച് കാര്യങ്ങള്‍ അടങ്ങിയ ന്യായ് പദ്ധതിയുടെ ബ്ലൂപ്രിന്റ് അവതരിപ്പിക്കുമെന്നും അദ്ദേഹം നേരത്തെ അസമില്‍ പറഞ്ഞിരുന്നു.

‘നമ്മുടെ രാജ്യത്തിന് ശക്തി പകരുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ന്യായില്‍ പ്രതിപാദിക്കുന്നത്. യുവാക്കള്‍ക്കുള്ള നീതി, പങ്കാളിത്ത നീതി, സ്ത്രീകള്‍ക്കുള്ള നീതി, കര്‍ഷകര്‍ക്കുള്ള നീതി എന്നിവയാണ് അവ,’ രാഹുല്‍ ഗാന്ധി വിശദീകരിച്ചു.

അതേസമയം രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറില്‍ പ്രവേശിച്ചു. ഇന്ത്യ പ്രതിപക്ഷ മുന്നണിയുടെ ഭാഗമായിരുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുന്നണി ഉപേക്ഷിച്ച് എന്‍.ഡി.എയുടെ ഭാഗമായ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര ബീഹാറില്‍ പ്രവേശിക്കുന്നത്.2020 ലെ ബീഹാര്‍ പൊതു തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് രാഹുല്‍ഗാന്ധി ബീഹാറില്‍ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

webdesk13: