തിരുവനന്തപുരം: തൃശൂര്‍ കേരള വര്‍മ്മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം. ദീപ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് ബയോ കോപ്പിയടിച്ചതാണെന്നാണ് കേരള വര്‍മ്മയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ സംഗീത സുഷമാ സുബ്രഹ്മണ്യന്‍ ആരോപിക്കുന്നത്.

നേരത്തെ കവി എസ്.കലേഷിന്റെ കവിത ദീപാ നിശാന്ത് സ്വന്തം പേരില്‍ അധ്യാപക സംഘടനയുടെ സര്‍വ്വീസ് മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് വിവാദമായതോടെ ദീപ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പിന്നീട് ദീപ തന്നെ കലേഷിനോട് മാപ്പും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അടുത്ത കോപ്പിയടി വിവാദം കൂടി ഉയര്‍ന്നുവന്നത്.

കേരള വര്‍മ്മയിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്റെ കവിതയിലെ വരികള്‍ കടപ്പാട് വെക്കാതെ ഫേസ്ബുക്ക് ബയോ ആയി നല്‍കി, മറ്റുള്ളവരെ സ്വന്തം കവിതയെന്ന് തെറ്റിദ്ധരിപ്പിച്ചെന്നാണ് പുതിയ ആരോപണം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം ആരംഭിച്ചപ്പോള്‍ തന്നെ ദീപാ നിശാന്ത് ഫേസ്ബുക്ക് ബയോ നീക്കം ചെയ്തു.