കോവിഡ് മഹാമാരി വിതച്ച നാശത്തില്‍ നിന്ന് ലോകം ഇനിയും കരകയറിയിട്ടില്ല. ഇതിനിടയിലേക്ക് ഇനിയൊരു മഹാമാരിയുടെ സാധ്യത പ്രവചിച്ചു കൊണ്ട് രംഗത്തെത്തുകയാണ് കാലിഫോര്‍ണിയയിലെ സാന്‍ഡിയോഗോയിലുള്ള സ്‌ക്രിപ്‌സ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍. അടുത്ത മഹാമാരിക്കായി തയാറെടുപ്പ് തുടങ്ങാനാണ് ഇവര്‍ ആഹ്വാനം ചെയ്യുന്നത്.

വൈവിധ്യമാര്‍ന്ന വൈറസ് വകഭേദങ്ങള്‍ക്കെതിരെ കാര്യക്ഷമമായ സുരക്ഷ തീര്‍ക്കുന്ന ന്യൂട്രലൈസിങ്ങ് ആന്റിബോഡികളുടെ വികസനത്തിനും ഗവേഷണത്തിനുമായി നിക്ഷേപം ആരംഭിക്കാന്‍ ഈ ശാസ്ത്രജ്ഞര്‍ ഗവണ്‍മെന്റുകളോടും സ്വകാര്യ മേഖലയോടും ആവശ്യപ്പെടുന്നു.
ഒരു കുടുംബത്തിലെ ഇനിയും കണ്ടു പിടിക്കപ്പെടാത്ത വൈറസ് ശ്രേണികള്‍ക്കെതിരെയുള്ള ഒന്നാം നിര മരുന്നുകളായി അത്തരം ആന്റിബോഡികളെ ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞരായ ഡെന്നീസ് ബര്‍ട്ടനും എറിക് ടോപ്പലും നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച വ്യാഖ്യാനത്തില്‍ പറയുന്നു.

സാര്‍സ് കോവ്2 ന്റെ കാര്യത്തില്‍ മനുഷ്യകുലം ഭാഗ്യവാന്മാരാണെന്ന് ഈ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. വൈറസിന്റെ സ്‌പൈക് പ്രോട്ടീന്‍ ഘടന വാക്‌സീന്‍ രൂപകല്‍പന അല്‍പം കൂടി എളുപ്പമാക്കിയെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ അടുത്ത തവണ മറ്റൊരു മഹാമാരി എത്തുമ്പോള്‍ ഇത്രയും ഭാഗ്യം ഉണ്ടാകണമെന്നില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പുതിയ വകഭേദങ്ങളുടെ ആവിര്‍ഭാവത്തോടെ സാര്‍സ് കോവ്2 പോലും ഇനിയും വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. സാര്‍സ് കോവ്2 വകഭേദങ്ങള്‍, ഇന്‍ഫഌവന്‍സ ഉപജാതികള്‍, എച്ച്‌ഐവി, എബോള, മെര്‍സ് എന്നിങ്ങനെ പല വൈറസുകളെ നിര്‍വീര്യമാക്കുന്ന പാന്‍വൈറസ് വാക്‌സീനുകളാണ് ഇനി വികസിപ്പിക്കേണ്ടതെന്നും ജേണലിലെ കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.