തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കായി പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങളുടെ ഉദ്ഘാടനം കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നിര്‍വഹിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ സ്ത്രീസഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രിമാര്‍ നേരിട്ടു നിര്‍വഹിച്ചപ്പോള്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വൈഫൈ സൗകര്യം, ട്രെയിന്‍ വിവരങ്ങള്‍ നല്‍കാന്‍ ലെഡ് ഡിസ്‌പ്ലേ ബോര്‍ഡുകള്‍,

സ്ത്രീകളുടെ നവീകരിച്ച കാത്തിരിപ്പുകേന്ദ്രം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റര്‍, എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ പണമടച്ച് ഉപയോഗിക്കാവുന്ന എയര്‍ കണ്ടീഷന്‍ഡ് വെയിറ്റിംഗ് ഹാള്‍ എന്നിവയുടെ ഉദ്ഘാടനം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് നിര്‍വഹിച്ചത്.

 

റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാവിധ യാത്രാ വിവരങ്ങളും സുരക്ഷാ സഹായവും ഈ സഹായകേന്ദ്രം നല്‍കും. പുതിയ ബുക്കിംഗ് ഓഫീസിനു സമീപത്താണ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സഹായകേന്ദ്രം. മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുറി, വീല്‍ ചെയറുകള്‍, ചുമട്ടുതൊഴിലാളികളുടെ വേഗത്തിലുള്ള സേവനം ഉറപ്പാക്കല്‍, പ്രീപെയ്ഡ് ഓട്ടോയും ടാക്‌സിയും വേഗത്തില്‍ ലഭ്യമാക്കല്‍ എന്നിവ ഈ സഹായകേന്ദ്രത്തില്‍ നിന്നുള്ള പ്രത്യേക സഹായങ്ങളായിരിക്കും.

റെയില്‍വേ ഹെല്‍പ്പ്് ലൈന്‍ നമ്പറുകളായ 138, 182 എന്നിവയ്്ക്കു പുറമേ സ്ത്രീകള്‍ക്കു മാത്രമായി 9567869385 എന്ന പ്രത്യേക മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ നമ്പറും ഉണ്ടായിരിക്കും. തിരുനെല്‍വേലി, കന്യാകുമാരി എന്നിവ മുതല്‍ ഷൊര്‍ണൂര്‍ വരെ തിരുവനന്തപുരം ഡിവിഷനില്‍ എവിടെയുള്ള സ്ത്രീയാത്രക്കാര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ ഈ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഉപയോഗിക്കാം. കൊല്ലം സ്റ്റേഷന്‍ വളപ്പിലായിരിക്കുമ്പോള്‍ യാത്രക്കാര്‍ക്ക് വൈഫൈ സൗകര്യം ഉറപ്പാക്കും.
പത്തൊമ്പത് സ്റ്റേഷനുകളില്‍ 6.5 കോടി മുടക്കി എല്‍.ഇ.ഡി അടിസ്ഥാനമാക്കിയുള്ള വിവര പ്രദര്‍ശന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ കൊല്ലത്തേയും ഉള്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരം ഡിവിഷനില്‍ തിരുവനന്തപുരത്തിനു ശേഷം ഈ സൗകര്യം നടപ്പാകുന്ന രണ്ടാമത്തെ സ്റ്റേഷനാണ് കൊല്ലം. എറണാകുളം ജംഗ്ഷന്‍, തൃശൂര്‍ സ്റ്റേഷനുകളിലും വൈകാതെ സമാനമായ ബോര്‍ഡുകള്‍ സ്ഥാപിക്കും.കൊല്ലം റെയില്‍വേ സ്റ്റേഷനിലെ സ്ത്രീകളുടെ കാത്തിരിപ്പുകേന്ദ്രവും യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തു.
1.82 കോടി രൂപ ചെലവിട്ടാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച എസ്‌കലേറ്റര്‍ പ്രവര്‍ത്തനസജ്ജമായി. പ്രതിദിനം ഏകദേശം 3000 യാത്രക്കാര്‍ വന്നുപോകുന്ന സ്റ്റേഷനില്‍ മിനിറ്റില്‍ 100 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന എസ്‌കലേറ്ററാണ് സജ്ജീകരിച്ചിരിക്കുന്നത്. എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ കുടുംബശ്രീയുമായി ചേര്‍ന്ന് പണം നല്‍കി ഉപയോഗിക്കുന്ന എ.സി വിശ്രമ കേന്ദ്രവും ഇന്നലെ തുറന്നു.

ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതും പരിപാലിക്കുന്നതും കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തകരായിരിക്കും. സൗജന്യ വൈഫൈ, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം, ലഘു ലൈബ്രറി, ട്രെയിന്‍ ഓണ്‍ കോള്‍ സേവനം, പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള വൃത്തിയാകല്‍ സൗകര്യങ്ങള്‍, മുലയൂട്ടല്‍ സൗകര്യം, കുട്ടികള്‍ക്കു വസ്ത്രം മാറ്റല്‍ മുറി, തീവണ്ടികളുടെ വരവും പോക്കും സമയങ്ങള്‍ അറിയിക്കുന്ന ഡിജിറ്റല്‍ പ്രദര്‍ശന ബോര്‍ഡ് തുടങ്ങി രാജ്യത്തെ മറ്റു പ്രധാന സ്റ്റേഷനുകളില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങള്‍ക്കുമായി മണിക്കൂറില്‍ ഒരാള്‍ക്ക് 20 രൂപയാണ് ഈടാക്കുന്നത്.