റമസാന്റെ പവിത്രതയില്‍ ദുബൈ മറ്റൊരു ലോക റെക്കോര്‍ഡില്‍ കൂടി ഇടം നേടി. ഏറ്റവും വലിയ നോമ്പുതുറ ഒരുക്കിയാണ് ഇത്തവണ ദുബായ് ഗിന്നസ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചത്. ജബല്‍ അലിയിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ദുബൈ പൊലീസാണ് ചരിത്രം തിരുത്തിയ ഉദ്യമത്തിന് നേതൃത്വം നല്‍കിയത്.

12,850 പേര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനായി പേര് റജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ എത്തിയത് 18,500 പേര്‍. ഇവര്‍ക്കെല്ലാം ഒരേസമയം നോമ്പുതുറയ്ക്കുള്ള സൗകര്യമാണ് ഒരുക്കിയത്. ആറ് കിലോമീറ്റര്‍ നീളത്തില്‍ നാല് വരികളിലായാണ് തൊഴിലാളികളടക്കം ആളുകള്‍ നോമ്പുതുറയ്ക്ക് ഇരുന്നത്. ഇരിക്കാനുള്ള സൗകര്യത്തിന് കാര്‍പെറ്റും വിരിച്ചു. ഒരോ 400 മീറ്ററിലും കുടിവെള്ളെം, ജ്യൂസ് തുടങ്ങിയവ ലഭ്യമാകുന്ന ടെന്റുകളും സജ്ജമായിരുന്നു. വിഭവസമൃദ്ധമായ ഇഫ്താര്‍ ഭക്ഷണം ഒരുക്കാന്‍ ദുബായിലെ റസ്റ്ററന്റുകളും സഹകരിച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍, ശ്രീലങ്ക, നേപ്പാള്‍, ചൈന എന്നീ രാജ്യക്കാരായ തൊഴിലാളികള്‍ പങ്കെടുത്തു.

ദുബായ് പൊലീസ് മേധാവി മേജര്‍ ജനറല്‍ ഡോ. അബ്ദുള്ള ഖലീഫ അല്‍ മര്‍റി, ജനറല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഡോ. സലാല്‍ സെയ്ദ് അല്‍ ഫലസി, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ എന്നിവര്‍ ഗിന്നസ് സര്‍ട്ടിഫിക്കറ്റുമായി.
ദുബായ് പൊലീസ് മേധാവി മേജര്‍ ജനറല്‍ ഡോ. അബ്ദുള്ള ഖലീഫ അല്‍ മര്‍റി മുഖ്യാതിഥിയായിരുന്നു. ജനറല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഡോ. സലാല്‍ സെയ്ദ് അല്‍ ഫലസി, മീഡിയ ആന്‍ഡ് സെക്യുരിറ്റി മേധാവി ഫൈസല്‍ റാസ അല്‍ ഖാസിം എന്നിവരും പങ്കെടുത്തു. മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍മര്‍റിയും മേജര്‍ ജനറല്‍ ഡോ, സലാല്‍ സെയ്ദ് അല്‍ ഫലസിയും ഒരു കിലോ മീറ്ററോളം നടന്ന് സുരക്ഷാ ഒരുക്കങ്ങള്‍ നോമ്പുതുറയ്ക്ക് മുമ്പായി വിലയിരുത്തി. ആംബുലന്‍സ്, ഫയര്‍ എഞ്ചിനുകള്‍ എന്നിവ ഉള്‍പ്പെടെ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് പൊലീസ് വന്‍ സന്നാഹങ്ങള്‍ നടത്തിയിരുന്നു.

ലോകത്തെ ഏറ്റവും വലിയ നോമ്പുതുറ ദുബൈ ജബല്‍ അലിയില്‍ യാഥാര്‍ഥ്യമായപ്പോള്‍.
ബ്രിഗേഡിയര്‍ യൂസഫ് അബ്ദുള്ളയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വന്‍ നിരയാണ് സമൂഹ നോമ്പുതുറയുടെ സംഘാടനത്തിന് അണി നിരന്നത്. മേജര്‍ നാസര്‍, കേണല്‍ മുഹമദ് സലാംഅല്‍ മുഹൈരി, ഡോ. ഇബ്രാഹിം അബ്ദുള്ള, ക്യാപ്റ്റന്‍ ഇബ്രാഹിം, ക്യാപ്റ്റന്‍ ഹമിദ് അബ്ദുള്ള എന്നിവരാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. ദുബായിലെ മലയാളി സന്നദ്ധ സംഘടനാ പ്രതിനിധികളായ മുഹമ്മദ് റഫീഖ്, നന്ദി നാസര്‍ എന്നിവരും സജീവമായി പങ്കെടുത്തു.

ഇന്ത്യ, പാക്കിസ്ഥാാന്‍, ബംഗ്ലാദേശ്, ചൈന, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരും ഗിന്നിസ് പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍, ലേബര്‍ കോണ്‍സല്‍ സുമതി വാസുദേവ് എന്നിവരും പങ്കെടുത്തു. നയതന്ത്ര പ്രതിനിധികളെ മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മര്‍റി ആദരിച്ചു.