ന്യൂഡല്‍ഹി : മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട നിര്‍ണായക ബില്‍ കേന്ദ്ര സര്‍ക്കാര്‍ ശീതക്കാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഭര്‍ത്താക്കന്‍മാര്‍ ഉപേഷിക്കപ്പെടുന്ന മുസ് ലിം സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും മുത്തലാഖ് നിയമം വഴി നിരോധിക്കുന്നതിനുള്ള നിയമ നിര്‍മാണം ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുത്തലാഖ് നിരോധന നിയമനിര്‍മ്മാണം നടത്താന്‍ മന്ത്രിതല സമിതി കരട് തയ്യാറാക്കി വരികയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

മൂന്നു തലാഖും ഒരുമിച്ച് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് (മുത്തലാഖ്) ഇന്ത്യന്‍ ഭരണഘടനാ വിരുദ്ധമാണെന്ന് നേരത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെഹാര്‍ ഉത്തരവിറക്കിയിരുന്നു. കൂടാതെ ആറുമാസത്തിനകം മുത്തലാഖ് വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് കോടതി സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു.

അലിഗ്ര യൂണിവേഴ്‌സിറ്റിയിലെ പ്രെഫസര്‍ യുവതിയെ മെസേജിലൂടെ മുത്തലാഖ് ചെയ്‌തെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. നേരത്തെ രാജ്യത്തെ വിവിധ കോണുകളില്‍ നിന്നും സ്‌കൈപ്പ്,വാട്ട്‌സ്അപ്പ് തുടങ്ങി ഫോണ്‍ ആപ്പുകളിലൂടെ മുത്തലാഖ് വഴി തങ്ങളെ ഭര്‍ത്താക്കന്‍മാര്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.

മുത്തലാഖ് നിരോധന നിയമനിര്‍മ്മാണം നടത്തണമെങ്കില്‍ ആദ്യം അത് കരട് ബില്ലായി പാര്‍ലമെന്റില്‍ വെക്കണം. ഇൗ ബില്ലാവും വരുന്ന ശീതകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. നിയമനിര്‍മ്മാണ ബില്‍ പരാജയപ്പെട്ടാല്‍ മോദി സര്‍ക്കാറിന് തിരിച്ചടിയാവും. അതേസമയം ബില്‍ പാസാവുകയാണെങ്കില്‍ മുത്തലാഖ് വിഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങല്‍ നടത്താന്‍ പ്രതേക സമിതി നിയമിച്ച് സംസ്ഥാനങ്ങളുടെ പിന്തുണ തേടുക തുടങ്ങി സര്‍ക്കാറിനു മുന്നിലുള്ള കടമ്പകളേറെയാണ്. മൂന്നില്‍ ഒന്ന് സംസ്ഥാനങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമെ നിയമം യഥാര്‍ഥ്യമാവൂ.