kerala

യുവതിയെ തീകൊളുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

By webdesk17

November 04, 2025

തിരുവല്ല: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നുണ്ടായ ഭീകര കൊലപാതകത്തില്‍ പ്രതിയായ അജിന്‍ റെജി മാത്യുവിനെ കോടതി കുറ്റക്കാരനായി കണ്ടെത്തി. തിരുവല്ല അയിരൂര്‍ സ്വദേശിനി കവിത(19) യെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി.

അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും. കേസിനാസ്പദമായ സംഭവം 2019 മാര്‍ച്ച് 12 നാണ് തിരുവല്ലയില്‍ നടന്നത്. സഹപാഠി ആയിരുന്ന കവിത പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് അജിന്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

കൂത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കവിതയ്ക്ക് ശരീരത്തിന്റെ 70 ശതമാനത്തിലധികം ഭാഗത്ത് പൊള്ളലേറ്റിരുന്നു. രണ്ട് ദിവസം നീണ്ട ചികിത്സയ്ക്കൊടുവില്‍ അവള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ആക്രമണത്തിന് ശേഷം കടന്നുകളയാന്‍ ശ്രമിച്ച അജിനെ നാട്ടുകാര്‍ പിടികൂടി കൈകാലുകള്‍ കെട്ടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

പ്രതിക്ക് പരമാവധി ശിക്ഷ വേണമെന്നാവശ്യപ്പെട്ട് കവിതയുടെ കുടുംബം കോടതിയെ സമീപിച്ചു. പ്രതിക്കെതിരെ പരമാവധി ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.