X

കുട്ടികളില്‍ കോവിഡ് അപകടകാരിയാവുന്നില്ല :രോഗവാഹകരാവുന്നുവെന്ന് പഠനം

കുട്ടികളില്‍ കോവിഡ് 19 ബാധ കൂടുന്നതായും മൂന്നില്‍ രണ്ടുപേരും ലക്ഷണങ്ങള്‍ കാണിക്കാത്തവരാണെന്നും പഠനം. പത്തുവയസിനു താഴെയുള്ള കുട്ടികളില്‍ രോഗബാധ കൂടുന്നതായി ബംഗളുരുവില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. എന്നാല്‍ ഇവരില്‍ രോഗം അപകടാവസ്ഥയുണ്ടാക്കുന്നില്ലെന്നും ചികിത്സ ഫലപ്രദമാണെന്നും പഠനത്തില്‍ പറയുന്നു. അതേസമയം കുട്ടികള്‍ രോഗവാഹകരായി മാറുന്നുണ്ടെന്നും രോഗവ്യാപനത്തിന് കാരണമാവുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ലക്ഷണങ്ങള്‍ കാണിക്കാത്ത കുട്ടികള്‍ മുതിര്‍ന്നവരുമായി ഇടപഴകുന്നതോടെയാണ് രോഗം വ്യാപിക്കുന്നത്. വീടിനുപുറത്തിറങ്ങുന്ന ഇത്തരം കുട്ടികള്‍ കോവിഡ് വ്യാപനത്തിന് കാരണമാവുന്നുണ്ടെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് രണ്ടാം തരംഗം തുടങ്ങിയ മാര്‍ച്ച് ആദ്യത്തിലാണ് രോഗികളുടെ കൂട്ടത്തില്‍ കുട്ടികളെയും കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ദിവസം ഒമ്പത് കുട്ടികളെ വരെയും പിന്നീടത് ദിവസം 40 കുട്ടികളെ വരെയും രോഗബാധിതരായി കണ്ടെത്തി. മാര്‍ച്ച് ഒന്നു മുതല്‍ 26വരെ കര്‍ണാടകയില്‍ പത്തുവയസിനു താഴെയുള്ള 472 കുട്ടികള്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. ഇവരില്‍ 244 പേര്‍ ആണ്‍കുട്ടികളും 228 പേര്‍ പെണ്‍കുട്ടികളുമാണ്. പുറത്തിറങ്ങി നടക്കുന്ന കുട്ടികളിലാണ് രോഗം കണ്ടെത്തിയത്. ഇവര്‍ വഴി മറ്റുള്ളവര്‍ക്കും രോഗം പടര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളില്‍ പനി, വിട്ടുമാറാത്ത ജലദോഷം, ന്യൂമോണിയ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടെത്തിയത്. ഇവര്‍ക്ക് അതത് സമയത്ത് ചികിത്സ ലഭ്യമാക്കിയതിനാല്‍ രോഗമുക്തി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കോവിഡ് കാരണം ഗുരുതരാവസ്ഥയിലേക്ക് കുട്ടികള്‍ എത്തിയിട്ടില്ല. അതിനാല്‍തന്നെ ഇവരില്‍ മരണം വളരെ കുറവായാണ് റിപ്പോര്‍ട്ട് ചെയ്തത്.

പത്തുവയസിനു താഴെയുള്ള കുട്ടികളിലാണ് വൈറസ് സാന്നിധ്യം കൂടുതല്‍ കണ്ടെത്തിയത്. നവജാതശിശുക്കളിലും പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവര്‍ക്കും രോഗബാധ കുറവെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പിലൂടെ ആര്‍ജിച്ച പ്രതിരോധ ശേഷിയാണ് ഇതിനു പിന്നില്‍. കഴിഞ്ഞ ലോക്ക്ഡൗണില്‍ വീട്ടില്‍ അടങ്ങിയിരുന്നതുകൊണ്ടാണ് രോഗബാധ കുറഞ്ഞതെന്നും നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ പുറത്തിറങ്ങിയതാണ് രോഗ വ്യാപനത്തിന് കാരണമായതെന്നും പഠനം പറയുന്നു.

കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ കുട്ടികളില്‍ വൈറസ് സാന്നിധ്യം തിരിച്ചറിയാനാവില്ല. അതേ സമയം ഇവര്‍ വഹിക്കുന്ന വൈറസുകള്‍ മറ്റുള്ളവരിലേക്ക് പരക്കാന്‍ കാരണമാവുന്നുണ്ട്. കുട്ടികളെ ലാളിക്കുമ്പോഴും പുറത്തിറങ്ങി ഇടപഴകുമ്പോഴും രോഗം പടരുന്ന സാഹചര്യമാണുള്ളത്. ഇത് തടയാന്‍ കുട്ടികളുമായി ഇടപഴകുന്നതില്‍ അകലവും ശ്രദ്ധയും പാലിക്കുക എന്നതാണ്. കോവിഡ് ജാഗ്രതാ നിയന്ത്രണങ്ങള്‍ മുതിര്‍ന്നവര്‍ക്കു പോലെ കുട്ടികള്‍ക്കും ബാധമാക്കാന്‍ ശ്രമിക്കണം. വീടിനു പുറത്തിറങ്ങാനോ പുറത്തുള്ളവരുമായി ഇടപഴകാനോ അനുവദിക്കരുത്.

web desk 3: