ലഖ്നൗ: അസമില്‍ ഒരു വിഭാഗം ജനതയെ ലക്ഷ്യമിട്ട് ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണത്തിന് പിന്നാലെ യു. പിയിലും സമാന ശ്രമം.

സംസ്ഥാനത്ത് ജനസംഖ്യ കൂടുന്നുവെന്ന മുന്നറിയിപ്പുമായി ഉത്തര്‍ പ്രദേശ് നിയമ കമ്മീഷന്‍. ജനസംഖ്യ വര്‍ധിക്കുന്നത് ആശുപത്രികള്‍, ഭക്ഷ്യധാന്യം, പാര്‍പ്പിടം എന്നിവയ്ക്ക് സമ്മര്‍ദമുണ്ടാക്കുമെന്നും നിയമകമ്മീഷന്‍ ചെയര്‍മാന്‍ ആദിത്യ നാഥ് മിത്തല്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ജനസംഖ്യ വളരെ കൂടുന്ന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് ഭാവിയില്‍ പലതരം പ്രശ്നങ്ങളിലേക്ക് നയിക്കും. ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് നാം പരിശോധനകള്‍ നടത്തേണ്ടിയിരിക്കുന്നു.

കുടുംബാസൂത്രണവും ജനസംഖ്യാ നിയന്ത്രണവും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. മതത്തിനോട് വിശ്വാസങ്ങള്‍ക്കോ മനുഷ്യാവകാശങ്ങള്‍ക്കോ നിയമ കമ്മീഷന് എതിര്‍പ്പില്ല, എന്നാല്‍ സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കേണ്ടതുണ്ടെന്നും അതിന് സഹായിക്കനായി സര്‍ക്കാര്‍ വിഭവങ്ങളും സൗകര്യങ്ങളും ലഭ്യമാണെന്നും മിത്തല്‍ വ്യക്തമാക്കി.

ജനസംഖ്യാ വര്‍ധനവിനെ കുറിച്ച് നിയമകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 2012ലെ കണക്കുകള്‍ പ്രകാരം 20.42 കോടിയാണ് ഉത്തര്‍ പ്രദേശിലെ ജനസംഖ്യ.