X

വിരമുക്തദിനം : ജില്ലയില്‍ 6,70,502 കുട്ടികള്‍ക്ക് ഗുളിക നല്‍കും

തൃശൂര്‍: കോവിഡ് കാരണം കഴിഞ്ഞ മൂന്നുവര്‍ഷമായി നിലച്ച ദേശീയ വിരമുക്തദിനം ചൊവ്വാഴ്ച നടക്കും. ജില്ലയിലെ ഒന്നുമുതല്‍ 19 വരെ പ്രായമുള്ള 6,70,502 കുട്ടികള്‍ക്ക് അംഗന്‍വാടികളിലും വിദ്യാലയങ്ങളിലുമായി ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും.
ശരീരത്തില്‍ പ്രവേശിക്കുന്ന വിരകള്‍ ആഹാരത്തിലെ പോഷകമൂല്യത്തിന്റെ വലിയൊരു അളവ് ചോര്‍ത്തിയെടുക്കുന്നതിനാല്‍ കുട്ടികളില്‍ വിളര്‍ച്ച, വളര്‍ച്ചക്കുറവ്, പ്രസരിപ്പ് ഇല്ലായ്മ, പഠനത്തില്‍ ഏകാഗ്രത നഷ്ടപ്പെടുക തുടങ്ങിയവ അനുഭവപ്പെടുന്നു.

മാത്രമല്ല, വിരബാധ ദീര്‍ഘനാള്‍ നീളുന്നത് കുട്ടികളുടെ ശാരീരിക, മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ശുചിത്വ ശീലങ്ങള്‍ കര്‍ശനമായി പാലിക്കുകയും ആറുമാസം ഇടവിട്ട് വിരക്കെതിരെ ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുകയുമാണ് പ്രതിവിധി.വിദ്യാഭ്യാസ വകുപ്പ്, വനിത-ശിശു വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ആരോഗ്യവകുപ്പ് വിരമുക്ത ദിനം സംഘടിപ്പിക്കുന്നത്. ജനുവരി 17ന് ഗുളികകള്‍ കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ ജനുവരി 24ന് നടക്കുന്ന സമ്ബൂര്‍ണ വിരമുക്ത ദിനത്തില്‍ വിരക്കെതിരെയുള്ള ഗുളികകള്‍ കഴിക്കണം. ജില്ലതല ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കഡറി സ്കൂളില്‍ എ.സി. മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിക്കും.

webdesk12: