X

കുമളിയില്‍ എംവിഡി ഉദ്യോഗസ്ഥരെ വേഷം മാറിയെത്തി പിടികൂടി വിജിലന്‍സ്

ഇടുക്കി കുമളിയില്‍ അയ്യപ്പഭക്തന്മാരില്‍ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വേഷം മാറിയെത്തിയ വിജിലന്‍സ് സംഘം പിടികൂടി.

വിജിലന്‍സ് എത്തുമ്പോള്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മദ്യപിച്ചായിരുന്നു ഓഫീസില്‍ ഉണ്ടായിരുന്നത്. കൈക്കൂലിയുമായി പിടിയിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന അയ്യപ്പഭക്തന്മാരില്‍ നിന്നും പെര്‍മിറ്റ് സീല്‍ ചെയ്യാന്‍ കുമളി ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നു എന്നായിരുന്നു വിജിലന്‍സിന് ലഭിച്ച പരാതി. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ രാത്രിയില്‍ അയ്യപ്പഭക്തന്മാരുടെ വാഹനത്തില്‍ വേഷം മാറി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചെക്ക്പോസ്റ്റില്‍ എത്തി. ആയിരം രൂപയാണ് ഇവരില്‍ നിന്നും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജും സഹായി ഹരികൃഷ്ണനും ചേര്‍ന്ന് വാങ്ങിയത്.

ഡ്യൂട്ടി സമയത്ത് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് മദ്യപിച്ചിരുന്നതായും വിജിലന്‍സിന് ബോധ്യമായി. വിജിലന്‍സ് പിടികൂടുമ്പോള്‍ മനോജ് മദ്യപിച്ചിരുന്നു എന്ന മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് അടക്കമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.ഇരുവരെയും ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്.

 

web desk 3: