kerala

സിനിമയിൽ മാത്രമല്ല ജീവിതത്തിലും മെഗാസ്റ്റാർ ;ജൂഡ് ആന്റണി വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ മമ്മൂട്ടി

By Test User

December 14, 2022

‘2018’ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെ പരിഹസിച്ചതിന് ഖേദം പ്രകടിപ്പിച്ച്‌ മമ്മൂട്ടി.ചടങ്ങില്‍ തമാശയായിട്ട് മമ്മൂട്ടി പറഞ്ഞകാര്യം സോഷ്യല്‍ മീഡിയയില്‍ ബോഡി ഷെയിമിംഗ് എന്ന് തരത്തില്‍ പ്രചരിക്കുകയായിരുന്നു. മമ്മൂട്ടിയെ പിന്തുണച്ച്‌ ജൂഡ് ആന്റണി രംഗത്ത് വരികയും ചെയ‌്തു.

എന്നാല്‍ ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ തനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

 

“പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി.”

കേരളത്തില്‍ 2018ലുണ്ടായ മഹാപ്രളയത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, കലൈയരസന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.