മ്യുണിച്ച്: ആദ്യ മല്‍സരത്തില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന് മുന്നില്‍ ഒരു ഗോളിന് തല താഴ്ത്തിയ ജര്‍മനിക്ക് ഇന്ന് യൂറോ മരണ ഗ്രൂപ്പില്‍ ജീവന്മരണ പോരാട്ടം. പ്രതിയോഗികള്‍ ആദ്യ മല്‍സരം വിജയകരമായി പിന്നിട്ട നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍. മല്‍സരം രാത്രി 9-30 ന്. ഇതേ ഗ്രൂപ്പില്‍ ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സ് ഹംഗറിയുമായി കളിക്കും. ബുദാപേസ്റ്റിലെ അങ്കത്തില്‍ ഹംഗറിക്ക് വിജയം നിര്‍ബന്ധമാണ്.

ജോക്കിം ലോ എന്ന ജര്‍മന്‍ പരിശീലകന്‍ കനത്ത സമ്മര്‍ദ്ദത്തിലാണ്. ആദ്യ മല്‍സരം തോറ്റതില്‍ മാത്രമല്ല-ഇന്നും തോറ്റാല്‍ ടീം പുറത്താണ്. ദേശീയ ടീമിന്റെ അമരത്ത് ലോയുടെ അവസാന ചാമ്പ്യന്‍ഷിപ്പാണിത്. ആദ്യ റൗണ്ടില്‍ തോറ്റ് പുറത്താവുക എന്ന് പറഞ്ഞാല്‍ 2014 ല്‍ രാജ്യത്തിന് ലോകകപ്പ് സമ്മാനിച്ച കോച്ചിനത് വലിയ തിരിച്ചടിയാവും. 2018 ലെ റഷ്യന്‍ ലോകകപ്പില്‍ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ കാഴ്ച്ചയിലും ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയായിരുന്നു. എന്നാല്‍ നാഷന്‍സ് ലീഗ് ഉള്‍പ്പെടെയുള്ള ചാമ്പ്യന്‍ഷിപ്പുകളിലും ലോയുടെ ടീം നിരാശപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ ദേശീയ പരിശീലകനായി ഹാന്‍സെ ഫ്‌ളിക്കെയെ ഫെഡറേഷന്‍ പ്രഖ്യാപിച്ചത്.

ഫ്രാന്‍സിനെതിരായ മല്‍സരത്തില്‍ മോശമല്ലാത്ത പ്രകടനമാണ് ജര്‍മനി നടത്തിയത്. പക്ഷേ മുന്‍നിരക്കാര്‍ക്ക് ഒരു തവണ പോലും ഫ്രഞ്ച് ഗോള്‍ക്കീപ്പര്‍ ഹ്യൂഗോ ലോറിസിനെ കീഴ്‌പ്പെടുത്താനായില്ല. സീനിയര്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളര്‍, ടീമോ വെര്‍നര്‍, സെര്‍ജെ നാബ്രി എന്നിവര്‍ക്കൊന്നും തിളങ്ങാനായിരുന്നില്ല.

മധ്യനിരയില്‍ കായ് ഹാവര്‍ട്‌സും ടോണി ക്രൂസും ഇകായ ഗുന്‍ഡഗോനുമെല്ലാം നിരന്തരം പന്ത് നല്‍കിയിട്ടും ഫ്രഞ്ച് ഡിഫന്‍സ് പതറിയിട്ടും ഗോള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇന്ന് പോര്‍ച്ചുഗല്‍ മുന്നില്‍ വരുമ്പോള്‍ അവരുടെ മുന്‍നിരക്കാര്‍ക്കെതിരെ ജാഗ്രത വേണം. മാനുവല്‍ ന്യുയര്‍ എന്ന ജര്‍മന്‍ ഗോള്‍ക്കീപ്പര്‍ക്ക് പിടിപ്പത് പണി നല്‍കാന്‍ പ്രാപ്തരായ കൃസ്റ്റിയാനോ റൊണാള്‍ഡോ, ഡിയാഗോ ജോട്ട, ജാവോ ഫെലിക്‌സ്, ബ്രൂണോ ഫെര്‍ണാണ്ടസ്, ആന്ദ്രെ സില്‍വ, ബെര്‍നാര്‍ഡോ സില്‍വ തുടങ്ങിയവരെല്ലാം പറങ്കി സംഘത്തിലുണ്ട്. ഹംഗറിക്കെതിരായ ആദ്യ മല്‍സരത്തിന്റെ അവസാനത്തിലായിരുന്നു പോര്‍ച്ചുഗലിന്റെ മൂന്ന് ഗോളുകള്‍. ഇതില്‍ രണ്ട് ഗോളുകള്‍ സാക്ഷാല്‍ സി.ആറിന്റെ ബൂട്ടില്‍ നിന്നായിരുന്നു. സി.ആറിനൊപ്പം പോര്‍ച്ചുഗീസ് യുവതാരങ്ങളും ചേരുമ്പോള്‍ ജര്‍മനിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇന്നത്തെ അവസാന മല്‍സരത്തില്‍ സ്‌പെയിനും പോളണ്ടും നേര്‍ക്കുനേര്‍ വരും.